NewsInternational

അമേരിക്കയില്‍ സിഖുകാരന് നേരെ വെടിവെപ്പ് : സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് അക്രമി

സീറ്റില്‍•അമേരിക്കയിലെ കെന്റില്‍ സിഖുകാരന് നേരെ വെടിവെപ്പ്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. 39 കാരനായ സിഖ് യുവാവിനാണ് വെടിയേറ്റത്. കെന്റിലെ വീടിന് പുറത്ത് വാഹനം പാര്‍ക്ക്‌ ചെയ്ത ശേഷം നടന്നുവരികയായിരുന്ന യുവാവിന് നേരെ അഞ്ജാതനായ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

‘നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അക്രമി വെടിയുതിര്‍ത്തതെന്ന് യുവാവ് പറഞ്ഞു. കൈയ്ക്ക് വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖംമൂടി ധരിച്ച ആറടിയോളം ഉയരമുള്ളയാളാണ് ആക്രമണം നടത്തിയതെന്ന് സിഖ് യുവാവ് പോലീസ് മൊഴി നല്‍കിയിട്ടുണ്ട്. അക്രമിക്കായി കെന്റ് പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എഫ്.ബി.ഐയേയും മറ്റു ഏജന്‍സികളേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് കെന്റ് പോലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവം അതീവ ഗൗരവമായാണ് കാണുന്നതെന്നും പോലീസ് മേധാവി കെന്‍ തോമസ്‌ പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അമേരിക്കയില്‍ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ വെടിയേറ്റ്‌ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button