നിരഞ്ജന്‍ ദാസ്
മുഖ്യമന്ത്രി ആരായിരുന്നാലും ഇടതു ഭരണകാലത്ത് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ കാലങ്ങളിലെ കീഴ്‌വഴക്കവും അതായിരുന്നു. നയപരമായ വിഷയങ്ങളില്‍പ്പോലും തീര്‍പ്പുണ്ടാകുന്നത് പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ നിന്നായിരുന്നു. മൂന്നു ടേമുകളിലായി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ ഭരണം നിയന്ത്രിച്ചിരുന്നതു അദ്ദേഹമായിരുന്നുവെന്നതും പരസ്യമാണ്. എന്നാല്‍ അതേ പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയാ കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ സര്‍ക്കാരിന്റെ മേല്‍ യാതൊരു നിയന്ത്രണവും ഇല്ലാതായി. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളൊന്നും കോടിയേരി അറിയുന്നില്ല. മുഖ്യമന്ത്രി ആണെങ്കിലും ഇപ്പോഴും പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് പിണറായി തന്നെയാണെന്നു അണികളില്‍പോലും അഭിപ്രായമുണ്ട്. മുന്‍ കാലങ്ങളില്‍ പാര്‍ട്ടിയില്‍ പ്രമുഖരായ രണ്ടുപേരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പേഴ്‌സണല്‍ സ്റ്റാഫായി ഉന്നത പദവിയില്‍ നിയമിക്കാറുണ്ടായിരുന്നെങ്കിലും ഇക്കുറി പിണറായി വിജയന്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്.
പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി തികച്ചും പ്രൊഫഷണല്‍ സമീപനമാണ് പിണറായി തുടക്കത്തില്‍തന്നെ സ്വീകരിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍മേലുള്ള പിടി പാര്‍ട്ടി സെക്രട്ടറിക്ക് നഷ്ടമായി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അടുത്തമാസം ചീഫ് സെക്രട്ടറിയാകും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒഴിവുവരും. ഈ തക്കം നോക്കി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്റ്റാഫ് പാറ്റേണ്‍ തന്നെ മാറ്റാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നീക്കം. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ വിശ്വസ്തനും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കണ്ണൂര്‍ ലോബിയുടെ അമരക്കാരനുമായ എം.വി ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുള്ള നീക്കം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചുമതല വഹിക്കുന്നതുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ നീക്കം കാര്യക്ഷമമായി നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എം.വി ജയരാജനെ നിയമിക്കാന്‍ കോടിയേരി തീരുമാനിച്ചത്. ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. എം.വി ജയരാജന്‍ നാളെ തന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. നളിനി നെറ്റോക്ക് പുറമേ ഐ.ടി സെക്രട്ടറിയായ എം.ശിവശങ്കറാണ് സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിലവില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന് ഐ.ടി വകുപ്പിന്റെ ചുമതല ഉള്ളതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല കാര്യക്ഷമമായി നടത്താനാകുന്നില്ലെന്നും സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ആക്ഷേപത്തിന്റെ മറവില്‍ എം.വി ജയരാജനെ നിയമിച്ച് ഭരണചക്രം പാര്‍ട്ടിയുടെ കൈയ്യില്‍ സുരക്ഷിതമാക്കാനാണ് കോടിയേരിയുടെ ശ്രമം.
മുന്‍കാലങ്ങളില്‍ ഇടതുസര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കടുത്ത പാര്‍ട്ടി അനുഭാവി തന്നെ ആയിരുന്നു. കഴിഞ്ഞ വി.എസ് സര്‍ക്കാരില്‍ സി.പി.എം അനുഭാവിയായ എസ്.രാജേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പിയായ കെ.എന്‍ ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു. ഇ.കെ നായനാര്‍ സര്‍ക്കാരില്‍ പാര്‍ട്ടി അനുഭാവിയായ ഇ.എന്‍ മുരളീധരന്‍നായര്‍ പ്രൈവറ്റ് സെക്രട്ടറിയും പാര്‍ട്ടിയില്‍നിന്നും പിന്നേട് പുറത്താക്കപ്പെട്ട പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു. സി.പി.എം യുവനേതാവ് പുത്തലത്ത് ദിനേശനാണ് പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി. കരുത്തനായ എം.വി ജയരാജനെക്കൂടി നിയമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൂര്‍ണമായും പാര്‍ട്ടിയുടെ നിയന്ത്രണത്തിലാകുമെന്നും മറ്റുമന്ത്രിമാരുടെ ഓഫീസില്‍ ഇടപെടുന്നതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങളിലും പാര്‍ട്ടിക്ക് ഇടപെടാനാകുമെന്നുമാണ് വിലയിരുത്തല്‍. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ നീക്കത്തെക്കുറിച്ച് വ്യാപകമായ ആക്ഷേപം പുറത്തുണ്ട് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ചില വകുപ്പുകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ചില വകുപ്പുകള്‍ ഫയല്‍ നീക്കത്തില്‍ ഏറെ പിന്നിലാണെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിനെ ഭയന്ന് പല ഫയലുകളിലും തീരുമാനമെടുക്കുന്നില്ലെന്നും പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എം.വി ജയരാജനെപ്പോലെ ഊര്‍ജസ്വലനായ ഒരാളുടെ പ്രൈവറ്റ് സെക്രട്ടറി പദത്തിലുള്ള നിയമനമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
Post Your Comments