Editorial

മന്‍മോഹനും നമ്പര്‍ പതിമൂന്നും വിടാതെ പിന്തുടരുന്ന നിര്‍ഭാഗ്യമായി തോമസ് ഐസകിനും മാറുന്നുവോ ?

മന്‍മോഹന്‍ ബംഗ്ലാവ് കേരളത്തിലെ മന്ത്രിമാരെ സംബന്ധിച്ച് നല്‍കിയതൊന്നും ശുഭസൂചനകളായിരുന്നില്ല. തലസ്ഥാനത്തെ മന്ത്രിമന്ദിരങ്ങളില്‍ കുപ്രസിദ്ധി ആര്‍ജിച്ച മന്‍മോഹന്‍ ബംഗ്ലാവിനെ അത്രവേഗം ഔദ്യോഗിക വസതിയാക്കാന്‍ സാധാരണഗതിയില്‍ ഒരുമന്ത്രിമാരും തയ്യാറായിട്ടില്ല. ആ വസതിയില്‍ താമസിച്ചവരുടെയൊക്കെ രാഷ്ട്രീയ ഭാവി അത്രശോഭനമായിരുന്നില്ല. ചിലര്‍ക്ക് പിന്നേട് നിയമസഭ കാണാന്‍ കഴിയാതെ വന്നു. ചിലര്‍ക്ക് മന്ത്രിപദം തന്നെ ഒഴിയേണ്ടി വന്നു. അപസര്‍പ്പക കഥകളെപ്പോലും വെല്ലുന്ന അന്ധവിശ്വാസങ്ങളാണ് മന്‍മോഹന്‍ ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ളത്. എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങളോട് പൊതുവേ മുഖം തിരിക്കുന്നവരാണ് സി.പി.എം മന്ത്രിമാര്‍. അതുകൊണ്ടുതന്നെ ധൈര്യപൂര്‍വം മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കാന്‍ തീരുമാനിച്ച ആളാണ് ധനമന്ത്രി ഡോ.തോമസ് ഐസക്. അതോടൊപ്പം തന്നെ സുപ്രധാനമാണ് പതിമൂന്ന് എന്ന സംഖ്യയെ ചൊല്ലിയുള്ള അന്ധവിശ്വാസങ്ങളും. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് മിക്ക മന്ത്രിമാരും പതിമൂന്നാം നമ്പര്‍ കാര്‍ ഔദ്യോഗികവാഹനമായി ഉപയോഗിച്ചിരുന്നില്ല. ഇതിനു വിരാമമിട്ടത് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയാണ്. ഇപ്പോള്‍ ഇതേ പതിമൂന്നാം നമ്പര്‍ കാറില്‍ യാത്ര ചെയ്യുന്നതാകട്ടെ തോമസ് ഐസകും. ചുരുക്കത്തില്‍ ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസകിന്റെ കഴിഞ്ഞ ഒന്‍പതുമാസത്തെ ഭരണത്തില്‍ മന്‍മോഹന്‍ ബംഗ്ലാവും പതിമൂന്നാം നമ്പര്‍ കാറും സമ്മാനിച്ചത് അത്ര നല്ല നേട്ടങ്ങളല്ലെന്നാണ് അദ്ദേഹത്തിന്റെ ഒപ്പമുള്ളവര്‍ പോലും പറയുന്നത്.

ഏറ്റവും ഒടുവില്‍ തോമസ് ഐസകിന് നേരിടേണ്ടി വന്നിരിക്കുന്നത് ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദമാണ്. പേഴ്‌സണല്‍ സ്റ്റാഫിലെ വിശ്വസ്തനും പ്രസ്സ് സെക്രട്ടറിയുമായ മനോജ് പുതിയവിള ബജറ്റിന്റെ ഹൈലൈറ്റ്‌സ് അല്‍പം നേരത്തെ മാധ്യമങ്ങള്‍ക്കു നല്‍കിയതായാണ് ബജറ്റ് ചോര്‍ച്ചയായി ആഘോഷിക്കപ്പെടുന്നത്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം വരെ എത്തിനില്‍ക്കുകയാണ് സംഭവങ്ങള്‍.

ഇതിനൊക്കെ വഴിതെളിച്ചത് മന്‍മോഹന്‍ ബംഗ്ലാവിലെ മന്ത്രിയുടെ താമസമാണെന്നാണ് അടക്കം പറച്ചില്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ അവിടെ താമസിച്ച മന്ത്രിമാരെല്ലാം പിന്നെ നിയമസഭ കണ്ടിട്ടില്ലെന്നതാണ് രാജ്ഭവനോട് ചേര്‍ന്നുള്ള ഈ മനോഹര ബംഗ്ലാവിന് ദുഷ്‌പേരുണ്ടാവാന്‍ കാരണമായത്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ മോന്‍സ് ജോസഫ് വരെ നാല് മന്ത്രിമാര്‍ വരെ മാറി താമസിച്ചു. ഇവിടെ താമസിക്കുന്ന മന്ത്രിമാര്‍ക്ക് പേരുദോഷം ഉണ്ടാകുമെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.. എം വി രാഘവന്‍ അവസാനം മന്ത്രിയായപ്പോള്‍ താമസിച്ചത് ഇവിടെയായിരുന്നു. പിന്നീട് അദ്ദേഹത്തിനും വീണ്ടും അധികാരത്തിലെത്താനായില്ല. കഴിഞ്ഞ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും കഴിഞ്ഞപ്രാവശ്യം താമസിച്ചത് ഇവിടെയാണ്. ഇടത് സര്‍ക്കാരിന്റെ അവസാനകാലത്ത് ഇവിടെ താമസിച്ച സുരേന്ദ്രന്‍ പിള്ളയും പിന്നീട് തെരഞ്ഞെടുപ്പില്‍ ജയിച്ചില്ല. മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇക്കുറി മത്സരരംഗത്തുനിന്ന് പിന്‍മാറിയപ്പോള്‍ ഇടതുസര്‍ക്കാരില്‍ മന്ത്രിയായിരുന്ന മോന്‍സ് ജോസഫിന് കാലാവധി പൂര്‍ത്തിയാകും മുമ്പ് പടിയിറങ്ങേണ്ടി വന്നിരുന്നു.

പിണറായി സര്‍ക്കാരില്‍ തോമസ് ഐസക് വീണ്ടും മന്ത്രിയായി എത്തുമ്പോള്‍ അദ്ദേഹത്തോട് മന്‍മോഹന്‍ ബംഗ്ലാവ് ഏറ്റെടുക്കരുതെന്ന് പലരും പറഞ്ഞതായി മന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാവിന്റെ വടക്കേ ഗേറ്റ് തുറന്നിടണം. തെക്കേ ഗേറ്റ് വഴി പോകരുത് എന്നൊക്കെയായിരുന്നു ഉപദേശം. എന്തായാലും അന്ധവിശ്വാസങ്ങള്‍ക്കെതിരെ രണ്ടുംകല്‍പിച്ച് നീങ്ങുന്ന തോമസ് ഐസക്കെങ്കിലും മന്മോഹന്‍ ബംഗ്ലാവിന്റെ ചീത്തപ്പേരുമാറ്റുമെന്നു കരുതുമ്പോഴാണ് ഏറ്റവും ഒടുവില്‍ ബജറ്റ് ചോര്‍ച്ച വിവാദത്തില്‍ അദ്ദേഹം അകപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മന്മോഹന്‍ ബംഗ്ലാവില്‍ കാലെടുത്തു വച്ച ശേഷം തോമസ് ഐസക്കിന് രണ്ട് വിശ്വസ്തരെ നഷ്ടമായി. ഒരാള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മറ്റൊരാള്‍ ഹൃദയാഘാതം വന്നു മരിച്ചു. പഴ്‌സണല്‍ സ്റ്റാഫായിരുന്ന പനമറ്റം സ്വദേശി അനസ് ആണ്. അദ്ദേഹത്തിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന കൃഷ്ണകുമാറാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതോടെ മന്മോഹന്‍ ബംഗ്ലാവിന്റേയും പതിമൂന്നാം നമ്പറിന്റേയും കാലക്കേടാണ് ഇതിന് പിന്നിലെന്ന് മന്ത്രിയുടെ സഹപ്രവര്‍ത്തകരും പറഞ്ഞു തുടങ്ങി.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു ഇക്കുറി തോമസ് ഐസകിന്റെ ബജറ്റ് അവതരണം. കുറ്റമറ്റരീതിയില്‍ ഒരു ബജറ്റ് അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഈ ബജറ്റിനെക്കാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ബജറ്റ് ചോര്‍ച്ചയെക്കുറിച്ചായതുകൊണ്ട് ആ ബജറ്റിന്റെ ശോഭയും കെട്ടുപോയി. ഇവിടെ പ്രതിയായി ഐസകിന് ഒഴിവാക്കേണ്ടി വന്നതും തന്റെ മറ്റൊരു വിശ്വസ്തനെയാണ്. ഐസകിന്റെ ആലപ്പുഴയില്‍നിന്നും എത്തി അദ്ദേഹത്തോടൊപ്പം തലസ്ഥാനത്ത് ഏറെ സജീവമായിരുന്ന മനോജ് പുതിയവിളയെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പുറത്താക്കുന്നതും ഐസകിനെ വേദനിപ്പിക്കുന്നതായിരുന്നു. ജനകീയാസൂത്രണത്തിലും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലുമെല്ലാം ഐസക്കിനെ താരമാക്കിയ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനോജാണ് ഐസകിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്കും മുന്‍കൈ എടുത്തിരുന്നു. മനോജ് പുതിയവിളയേയും ഐസക് പുറത്താക്കുമ്പോള്‍ മന്‍മോഹന്‍ ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ള കാലക്കേടും അന്ധവിശ്വാസങ്ങളും കൂടുതല്‍ ആഴത്തില്‍ വേരോടുകയാണ്. അതുകൊണ്ടു തന്നെ അടുത്ത മന്ത്രിസഭയില്‍ ഒരു മന്ത്രിപോലും മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതി ആക്കില്ലെന്നു ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button