കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ പുലിയിറങ്ങി. തായത്തെരു റയില്‍വേ ഗേറ്റിനു സമീപമാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടത്.
ഒരു ബംഗാളിക്കും രണ്ടു മലയാളികള്‍ക്കുമാണു പരുക്കേറ്റത്. ഒരാളെ വീടിനു മുന്നില്‍ വെച്ചാണ് ആക്രമിച്ചത്. മറ്റ് രണ്ടുപേര്‍ പുലിയുണ്ടോ എന്നു പരിശോധിക്കാന്‍ പോയപ്പോഴാണ് പുലി ആക്രമിച്ചത്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പോലീസും വനംവകുപ്പും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
നാട്ടുകാര്‍ ഓടിക്കൂടി ബഹളം വച്ചതിനെ തുടര്‍ന്നു റയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കു മറയുകയായിരുന്നു. ഏതുനിമിഷവും പുലിയുടെ ആക്രമണം പ്രതീക്ഷിക്കാമെന്ന് അധികൃതര്‍ പറയുന്നു.
Post Your Comments