കൊച്ചി•ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ തന്നെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതിനാല്‍ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സൂര്യാഘാതം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍തന്നെ ഏറ്റവും അടുത്തുളള ഡോക്ടറെ കണ്ട് അടിയന്തിര ചികിത്സ തേടണം. വളരെ ഉയര്‍ന്ന ശരീരതാപം, ശരീരം വറ്റി വരണ്ട് ചുവപ്പുനിറമാകുക. നേര്‍ത്ത വേഗതയിലുളള നാഡീമിടിപ്പ് ശക്തിയായ തലവേദന, തലകറക്കം തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. തുടര്‍ന്ന് അബോധാവസ്ഥയും മരണം വരെയും ഉണ്ടായേക്കാം. ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുകയും താപശരീരശോഷണം ഉണ്ടാവുകയും ചെയ്യാം. ചൂടുകാലാവസ്ഥയില്‍ കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുളളവരിലും രക്തസമ്മര്‍ദ്ദം ഉളളവരിലുമാണ് താപശരീരശോഷണം ഉണ്ടാവാന്‍ കൂടുതല്‍ സാധ്യത.
ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. സൂര്യതാപം കൊണ്ടുളള പൊളളലില്‍ നിന്നും മുന്‍കരുതല്‍ എടുക്കേണ്ടതാണ്. നേരിട്ട് സൂര്യതാപം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ വെയിലേറ്റ് ചുവന്ന് തടിക്കുകയും, വേദനയും, പൊളളലുമാണ് ലക്ഷണങ്ങള്‍. ചിലര്‍ക്ക് തീപൊളളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുയുളള കുമിളകള്‍ സൂര്യതാപമേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടനെ തന്നെ വെയിലത്ത് നിന്നും മാറി നില്‍ക്കുക. തണുത്ത വെളളം കൊണ്ട് ശരീരം തുടയ്ക്കുകയോ കുളിക്കുകയോ ചെയ്യണം. ചൂട് കൊണ്ടുളള പേശീവലിവ് അനുഭവപ്പെട്ടാല്‍ ചെയ്തു കൊണ്ടിരുന്ന ജോലി നിര്‍ത്തിവച്ച് വെയിലേല്‍ക്കാത്ത തണുന്ന ഭാഗത്തേക്ക് ഏതാനും മണിക്കൂര്‍ നേരം മാറി നില്ക്കണം.അസ്വസ്ഥത മാറുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണം. ചൂട് കാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ധാരാളം വെളളം കുടിക്കണം. നന്നായി വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെളളം, ഉപ്പിട്ട നാരങ്ങാവെളളം എന്നിവ കുടിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കണം. ചുരുങ്ങിയത് ഉച്ചയ്ക്ക് 11 മുതല്‍ മൂന്നു വരെയുളള സമയം വിശ്രമിക്കണം. കട്ടികുറഞ്ഞതും ഇളം നിറത്തിലുളളതുമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലിലേക്ക് മാറി നില്‍ക്കുകയും, ധാരാളം വെളളം കുടിക്കുകയും വേണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുതെന്നും. വെയിലത്ത് നിര്‍ത്തിയിടുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു
Post Your Comments