മനുഷ്യന് ഇന്നും പിടികിട്ടാത്ത ഒന്നാണ് അന്യഗ്രഹ ജീവികള്‍. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികള്‍ നിലനില്‍ക്കുമ്പോള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആകാശത്തിനു കുറുകെ ഒരു തീഗോളം കടന്നുപോയതിനെയാണ് പലരും അന്യഗ്രഹജീവി തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞത്.
സൂര്യോദയത്തിനു മുമ്പായി ആകാശത്തു പ്രത്യക്ഷപ്പെട്ടതാണ് ആ തീഗോളം. വലിയൊരു ഉല്‍ക്കാഗോളം നീങ്ങുന്നുവെന്നു പറഞ്ഞ് ടാസ്മാനിയ സ്വദേശിയായ ലീ ആന്‍ പീറ്റേഴ്‌സ് എന്ന യുവതിയാണ് സെക്കന്‍ഡുകള്‍ മാത്രമുള്ള വിഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം വീഡിയോ ഓണ്‍ലൈന്‍ ലോകത്തു ഹിറ്റായി. തീഗോളത്തിനു പിന്നിലെ കാരണങ്ങള്‍ സ്വയം പ്രഖ്യാപിച്ചു പലരും രംഗത്തെത്തുകയും ചെയ്തു.
വലിയൊരു ഭീമന്‍ നക്ഷത്രത്തെപ്പോലെയുണ്ടെന്നും ഉല്‍ക്കയോ പക്ഷിയോ അല്ല താഴേക്കു പതിക്കുന്നൊരു വിമാനമാണതെന്നും ചിലര്‍ പറഞ്ഞു. അതു തീഗോളമോ ഉല്‍ക്കയോ അല്ല അതൊട്ടു ചലിക്കുന്നുമില്ല, സൂര്യോദയത്തിനു തൊട്ടുമുമ്പായി പ്രകാശ കിരണങ്ങള്‍ വന്നുതുടങ്ങുമ്പോള്‍ അവ കാര്‍മേഘത്തില്‍ തട്ടി പ്രതിഫലിക്കുന്നതാണെന്ന് മറ്റ് ചിലര്‍ വാദിച്ചു. എന്നാല്‍ ഈ പറഞ്ഞതൊന്നുമല്ല അന്യഗ്രജീവിയുടെ കടന്നുവരവിനെ സൂചിപ്പിക്കുന്നതാണ് ആ ദൃശ്യമെന്നു പറയുന്നവരും ഏറെയാണ്.
എന്നാല്‍ ഓസ്‌ട്രേലിയന്‍ എയര്‍സ്‌പേസിലൂടെ കടന്നുപോകുന്ന എയര്‍ക്രാഫ്റ്റിന്റേതാണ് ആകാശത്തു പതിഞ്ഞ ആ ദൃശ്യമെന്നാണ് എയര്‍സര്‍വീസ് ഓസ്‌ട്രേലിയ നല്‍കുന്ന വിശദീകരണം. സംഗതി എന്തായാലും അന്യഗ്രഹജീവിേയാട് ഉപമിച്ച് ഷെയര്‍ ചെയ്യുന്നവരാണ് ഏറെയും.
Post Your Comments