കോഴിക്കോട് : കാലത്തിനനുസരിച്ച് വേഷം മാറി എത്തിയിരിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോകള്‍. വെഹിക്കിള്‍ എസ്ടി എന്ന സ്റ്റാര്‍ട്ട് അപ്പ് സംരഭത്തിന്റെ പിന്തുണയോടെയാണ് കോഴിക്കോട്ടെ നൂറോളം ഓട്ടോകളെ ഡിജിറ്റലാക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയുടെ സ്റ്റാര്‍ട്ട്അപ്പ് സംരഭമായ വെഹിക്കിള്‍ എസ്ടിയാണ് ഡിജിറ്റല്‍ ഓട്ടോകളെ കോഴിക്കോടിന് പരിചയപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പൈലറ്റ് പ്രൊജക്ടായി നടപ്പാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉടനുണ്ടാവും.
വെഹിക്കിള്‍ എസ്ടി എന്ന ആപ്പിലൂടെയാണ് ഈ ഡിജിറ്റല്‍ ഓട്ടോകള്‍ സേവനം നല്‍കുന്നത്. ആപ്പിലൂടെ ഓട്ടോ ബുക്ക് ചെയ്യുമ്പോള്‍ ജിപിഎസിലൂടെ യാത്രക്കാരന്റെ പൊസിഷന്‍ കണ്ടെത്തി അയാള്‍ക്ക് ഏറ്റവും അടുത്തുള്ള ഓട്ടോ സവാരിക്കായെത്തും. ഉടന്‍ വേണ്ട യാത്രയ്ക്കോ അഡ്വാന്‍സായി ഓട്ടോ ബുക്ക് ചെയ്യാനോ ആപ്പില്‍ സംവിധാനമുണ്ട്. ജിപിഎസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓട്ടോകളില്‍ തങ്ങള്‍ സഞ്ചരിക്കുന്നത് ഏതെല്ലാം വഴിയിലൂടെയാണെന്ന് യാത്രക്കാരന് മനസ്സിലാക്കാം.
യാത്രയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാക്കുന്ന പക്ഷം വണ്ടിയില്‍ ടാബില്‍ ഘടിപ്പിച്ച എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ഉടന്‍ പോലീസ് കണ്ട്രോള് റൂമിലേക്ക് വിവരമെത്തും. സ്ത്രീകള്‍ക്കും രാത്രിയാത്രക്കാര്‍ക്കും തീര്‍ത്തും ഉപകാരപ്രദമാണ് ഈ സംവിധാനം. യാത്ര അവസാനിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ പണം കൈമാറാം. ഓട്ടോ ഡ്രൈവറുടെ പെരുമാറ്റം വിലയിരുത്തി യാത്രക്കാരന് അയാള്‍ക്ക് മാര്‍ക്കിടുകയും ചെയ്യാം.
Post Your Comments