തെലുങ്കാന : തെലുങ്കാന സര്‍ക്കാരിന്റെ കീഴിലുള്ള വനിതാ കോളേജുകളില്‍ വിവാഹം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം തടഞ്ഞത് വിവാദമാകുന്നു. പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതിന് വിശദീകരണവമായി സൊസൈറ്റി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ പെണ്‍കുട്ടികള്‍ ഭര്‍ത്താവിനെ കാണാനെന്ന പേരില്‍ അര്‍ദ്ധരാത്രിയിലോ വാരാന്ത്യത്തിലോ വീട്ടിലേക്ക് പോകുന്നതിനാല്‍ മറ്റു കുട്ടികളില്‍ പഠിക്കാനുള്ള ഏകാഗ്രത നഷ്ടപ്പെടുന്നുവെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റിയുടെ വക്താവായ ബി. വെങ്കട് രാജു പറഞ്ഞു.
തെലുങ്കാന സര്‍ക്കാരിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള കോളേജുകളിലെ ബിരുദത്തിനുള്ള പ്രവേശത്തിനാണ് വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ ആവണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. താമസവും ഭക്ഷണവും പഠനവും ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കി വിദ്യാഭ്യാസം നല്‍കുന്ന ഇത്തരത്തില്‍പെട്ട സംസ്ഥാനത്തെ 23 കോളേജുകളില്‍ നിന്നായി 4000 പെണ്‍കുട്ടികളാണ് പഠിക്കുന്നത്. എല്ലാ വര്‍ഷവും 280 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഓരോ കോളേജിലും പ്രവേശനം.
Post Your Comments