NewsIndia

രാഷ്ട്രപതി സ്ഥാനത്തേക്ക് മെട്രോമാന്‍ ഇ ശ്രീധരനും?

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ മലയാളിയും ഇന്ത്യയുടെ മെട്രോമാനുമായ ഇ ശ്രീധരനും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ശ്രീധരന്റെ പേരും രാജ്യതലസ്ഥാനത്ത് ചര്‍ച്ചയില്‍ വരുന്നുണ്ടെന്നാണ് പുതിയ വിവരങ്ങള്‍.

ഇപ്പോഴത്തെ രാഷ്ട്പതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി ഈ വര്‍ഷം ജൂലൈയില്‍ അവസാനിക്കും. 2012 ജൂലൈ 25 നായിരുന്നു അദ്ദേഹം ഇന്ത്യയുടെ 13 ാമത് രാഷ്ട്രപതിയായി ചുമതലയേറ്റത്. ഉത്തര്‍പ്രദേശ് അടക്കം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാന നിയമസഭകളിലെ ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാകും പുതിയ രാഷ്ട്രപതിയെ സംബന്ധിച്ച ഗൗരവ ചര്‍ച്ചകള്‍ക്ക് തുടക്കമാകുക. വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ഫലമാണ് ബിജെപി ഉറ്റുനോക്കുന്നത്. ഇവിടെ ഭരണം പിടിക്കാനായാല്‍ രാഷ്ട്രപതിയുടെ കാര്യത്തില്‍ ബിജെപിയുടെയും കേന്ദ്രസര്‍ക്കാര്യന്റെയും താല്‍പര്യമനുസരിച്ചാകും കാര്യങ്ങള്‍. അല്ലെങ്കില്‍ മറ്റുപാര്‍ട്ടികളുമായി സമവായ ചര്‍ച്ചകള്‍ നടത്തേണ്ടിവരും. പൊതുസമ്മതനായ സ്ഥാനാര്‍ഥികള്‍ക്കും സാധ്യതയുണ്ടാകും.

ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി മനോഹര്‍ ജോഷി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ തുടങ്ങിയവരുടെ പേരുകള്‍ ഇതിനകം ബിജെപി കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസില്‍ ശ്രീധരന്റെ പേരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ മന്ത്രിസ്ഥാനത്തേക്ക് ശ്രീധരനെ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ആര്‍എസ്എസിനും ശ്രീധരനോട് എതിര്‍പ്പില്ല. മറ്റുപാര്‍ട്ടികളും ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായാല്‍ എതിര്‍ക്കാന്‍ വരില്ലെന്നാണ് കണക്കുകൂട്ടല്‍.

ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും ഓരോ സംസ്ഥാനത്തെ എംഎല്‍എമാരും ചേര്‍ന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് 4120 എംഎല്‍എമാര്‍ക്കും 776 എംപിമാര്‍ക്കുമാണ് വോട്ടവകാശം. ജനസംഖ്യാനുപാതികമായി പരിഗണിക്കുമ്പോള്‍ ആകെ പത്തുലക്ഷത്തോളം ഇലക്ടറല്‍ വോട്ടുകളാണ് ഉള്ളത്. എംപിമാരുടെ വോട്ടിന് 708 വോട്ടുകളുടെ മൂല്യമാണുള്ളത്. എംഎല്‍എമാരുടെ വോട്ടിന് അവരവരുടെ സംസ്ഥാനങ്ങളിലെ ജനസഖ്യയ്ക്കനുസരിച്ച് മൂല്യത്തില്‍ വ്യത്യാസമുണ്ട്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ വോട്ടുകള്‍ക്ക് മൂല്യം കൂടുതലുണ്ട്. എന്നാല്‍ സിക്കിം പോലുള്ള ചെറിയ സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ വോട്ടുകള്‍ക്ക് മൂല്യം കുറവാണ്. ഈ സാഹചര്യമാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രപതി തെരഞ്ഞെടുപ്പിലും നിര്‍ണായകമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button