ലണ്ടൻ: പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനം വഴിതിരിച്ചുവിട്ടു. യാത്രക്കാരന്റെ ഭീഷണിയെത്തുടർന്നാണ് വിമാനം വഴിതിരിച്ചു വിട്ടത്. നാടകീയ രംഗങ്ങൾ അരങ്ങേറിയത് ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ലഹോറിൽനിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു പുറപ്പെട്ട വിമാനത്തിലാണ്. ബ്രിട്ടിഷ് പോർവിമാനങ്ങളുടെ അകമ്പടിയോടെ വിമാനം ലണ്ടനിലെ മറ്റൊരു വിമാനത്താവളമായ സ്റ്റാൻസ്റ്റഡിൽ ഇറക്കുകയായിരുന്നു. ലണ്ടൻ മെട്രോപൊലിറ്റൻ പോലീസ് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മറ്റു യാത്രക്കാരും വിമാനവും സുരക്ഷിതമാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
ലഹോർ – ഹീത്രൂ പികെ–757 വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ ഒരു യാത്രക്കാരനിൽനിന്ന് അപ്രതീക്ഷിതമായ പെരുമാറ്റം ഉണ്ടായതിനെ തുടർന്നാണു വിമാനം വഴിതിരിച്ചുവിട്ടതെന്ന് പോലീസ് അറിയിച്ചു. ശക്തമായ സുരക്ഷ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണു റോയൽ എയർഫോഴ്സിന്റെ ക്വിക്ക് റിയാക്‌ഷൻ ജെറ്റുകൾ അയച്ചത്. വിമാനം റാഞ്ചാനുള്ള ശ്രമമോ തീവ്രവാദി ഭീഷണിയോ ആയിരുന്നില്ലെന്നും പോലീസ് അറിയിച്ചു. എന്നാൽ, ബ്രിട്ടിഷ് അധികൃതർക്കു വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അജ്ഞാത ടെലിഫോൺ സന്ദേശം ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments