സി.പി.എമ്മിനെ നേരിടണമെങ്കില് ചില നിലപാട് മാറ്റങ്ങള് വേണമെന്ന കെ.വി.എസ് ഹരിദാസിന്റെ ശ്രദ്ധേയമായ വിലയിരുത്തല്
എല്ലാം വിജയമാവണമെന്നില്ല; പരാജയവും തിരിച്ചടിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. പിന്നെ, ഒരു പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഓരോ നീക്കങ്ങൾ നടത്തുന്നതിനെക്കുറിച്ചും ചിന്തിക്കുമ്പോൾ ആവേശം മാത്രമാവരുത് മാനദണ്ഡം എന്നത് സാധാരണ പറയാറുള്ള കാര്യമാണ്. ആവേശം ആവശ്യമാണ് ; പക്ഷെ വികാരത്തെ വിചാരം കീഴടക്കുമ്പോഴാണ് നേരായ പാതയിലൂടെ കാര്യങ്ങൾ നീങ്ങുക. അത് വീണ്ടും വീണ്ടും യാഥാർഥ്യമായി തീരുന്നു. വളരെ ഉച്ചത്തിൽ സംസാരിക്കുന്നവർ വേദി കയ്യെടുക്കുന്നതും അവർ തീരുമാനങ്ങളെ അമിതമായി സ്വാധീനിക്കുന്നതും, ആവേശം മാത്രമാണ് കണക്കിലെടുക്കപ്പെടുന്നത് എന്ന് വരുന്നതും ശുഭകരമല്ല; വിവേകവും വിചാരവുമാണ് പ്രധാനം. അതുകുറഞ്ഞാൽ പിന്നെ ……. എന്തും ആർക്കും എവിടെയും വിളിച്ചു പറയാമോ എന്നതും അത് എങ്ങിനെ, ആര്, നിയന്ത്രിക്കും എന്നതുമൊക്കെ …………… പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കുന്ന സമ്പ്രദായവും കുഴപ്പമാണ്.
ഇവിടെ ഓർക്കേണ്ടത്, സിപിഎം എന്ന് ബിജെപിയെയും മറ്റു സംഘ പ്രസ്ഥാനങ്ങളെയും നേരിടുന്നത് അവരുടെ തട്ടകങ്ങളിലാണ്. പാർട്ടി ഗ്രാമം എന്നൊക്കെ പറയാറുള്ള മേഖലകളിൽ. അവിടെയാണ് സംഘ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് സിപിഎം അക്രമങ്ങളെ പ്രതിരോധിക്കേണ്ടിവരുന്നത്. ഡൽഹിയിലോ ബാംഗ്ലൂരിലോ, ലക്നൗയിലോ ജയ്പ്പൂരിലോ ഭോപ്പാലിലോ സിപിഎംകാർ ആർഎസ്എസ് – ബിജെപിക്കാർക്കെതിരെ ആക്രമണം നടത്താറില്ലല്ലോ. അതിനപ്പുറം ചിലതുകൂടി ചെയ്യാൻ ആർ എസ് എസിനും ബിജെപിക്കും കഴിയും. അക്രമങ്ങൾ ഇതുപോലെ തുടർന്നാൽ, കേരളത്തിന് പുറത്ത് , തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ സിപിഎം നേതാക്കൾക്ക് വഴിനടക്കാനാവില്ല എന്ന് ബിജെപി – ആർഎസ്എസ് നേതൃത്വത്തിന് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്താനായാൽ എന്താണ് സംഭവിക്കുക എന്നത് ഊഹിക്കാമല്ലോ.
ഇത് ആക്രമണത്തിനുള്ള ആഹ്വാനമാണ് എന്നൊന്നും ആരും കരുതണ്ട, അങ്ങിനെ ചിത്രീകരിക്കുകയും വേണ്ട. ഒരു മാധ്യമ പ്രവർത്തകന്റെ, രാഷ്ട്രീയ നിരീക്ഷകന്റെ വിലയിരുത്തലുകളാണ്. സൂചിപ്പിച്ചത് , പിണറായിക്കുപകരം ‘വലിയ സഖാക്കൾ’ക്കെതിരെയും മറ്റുമാണ് ഇന്നിപ്പോൾ സംഘ പ്രസ്ഥാനങ്ങൾ സമരമുഖത്തെത്തിയിരുന്നത് എങ്കിൽ ഈ പ്രശ്നം അതിവേഗത്തിൽ പരിഹൃതമാവുമായിരുന്നു എന്ന് കരുതുന്നയാളാണ് ഞാൻ. അക്രമമല്ല ഒന്നിനും പോംവഴി; പക്ഷെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയുമല്ലോ. ‘വലിയ സഖാക്കളെ ‘ വഴിയിൽ കണ്ടാൽ തടയും എന്ന് പ്രഖ്യാപിച്ചാൽ മാത്രം മതിയായിരുന്നു; അതിനുള്ള ചില ഒരുക്കങ്ങൾ നടത്തുന്നുവെന്ന് വരുത്തിയാൽ മതിയായിരുന്നുവല്ലോ. പിബി അടിയന്തരമായി കൂടും; അല്ലെങ്കിൽ അവൈലബിൾ പിബിയെങ്കിലും. കേരളത്തിലെ അക്രമങ്ങൾക്കും കൊലപാതകത്തിനും പോലീസ് രാജിനുമൊക്കെ ‘സ്റ്റോപ്പ് മെമ്മോ’യും പിബി ഉടനടി നൽകുമായിരുന്നു. അത്രധൈര്യശാലികളാണല്ലോ അവരെല്ലാം. അത്രയൊക്കെയേ ഉള്ളൂ ഇന്ത്യയിൽ ഈ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് തിരിച്ചറിയണ്ടേ ?. കേരളത്തിനുപുറത്ത് ആർഎസ്എസ് – ബിജെപി പ്രവർത്തകരെ നേരിടാൻ സിപിഎം എന്നെങ്കിലും തയ്യാറായിട്ടുണ്ടോ എന്ന് ഞാൻ ഉന്നയിച്ചതും അതുകൊണ്ടാണ്.
ഇതുപറയുമ്പോൾ ഡൽഹിയിൽ നടന്ന സമരങ്ങൾ കണ്ടില്ലേ എന്ന് ചോദിച്ചേക്കാം. ശരിയാണ്, ചിലതെല്ലാം നടന്നിരുന്നു. കേരള ഹൌസിന് മുന്നിൽ നടന്ന സമരം അതിനുദാഹരണം. മുൻപൊരിക്കൽ ബിജെപി – ആർഎസ്എസ് പ്രവർത്തകർ അതിനെക്കുറിച്ചു ചിന്തിച്ചതായി കണ്ടിട്ടുണ്ട് . പഴകിയ ചെങ്കൊടിയുമായി കഷ്ടിമുഷ്ടി അവർ കഴിഞ്ഞുകൂടുന്ന സ്ഥലങ്ങൾ അനവധി ഉണ്ടല്ലോ. ദക്ഷിണേന്ത്യയിലെയും വടക്കേ ഇന്ത്യയിലെയും മറ്റും ചില നഗരങ്ങളിലെ സിപിഎം ഓഫിസുകളുടെ ‘ബലം’ തിരിച്ചറിയാൻ അന്നവർക്കായിരുന്നു. അന്ന് വാലുംചുരുട്ടി ഓടിയ സംസ്ഥാന – കേന്ദ്ര കമ്മിറ്റി നേതാക്കളെയും അവരുടെ ദീന രോദനങ്ങളെയും മറക്കാനാവുമോ. അതിനൊപ്പമാണ് ഡൽഹിയിൽ എകെജി ഭവനിലേക്ക് മാർച്ചും സംഘടിപ്പിച്ചത്. അതോടെ, നിമിഷങ്ങൾക്കകം, അക്രമങ്ങൾ അവസാനിച്ചതോർക്കുക. ഇവിടെ യഥാർഥത്തിൽ പ്രശ്നം സിപിഎമ്മാണ് ; അവരെ അവരുടെ ദൗർബല്യം നോക്കിക്കൂടി നേരിടലാണ് ചിന്തിക്കേണ്ടിയിരുന്നത്. സിപിഎം അതാണല്ലോ ചെയ്യുന്നത്. അക്രമമല്ല മാർഗം എന്നത് ഓർക്കണം, മറിച്ചു
മംഗലാപുരത്ത് നിന്നും കുറെയേറെ പഠിക്കാനുണ്ട്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് അവിടെയെത്തിയത് ; സ്വാഭാവികമായും സർക്കാരും പോലീസും വേണ്ടതൊക്കെ ചെയ്തു. എന്നാൽ അവിടത്തേത് സിപിഎമ്മിന്റെയോ നമ്മുടെ മുഖ്യമന്ത്രിയുടെയോ ജൈത്രയാത്രയൊന്നുമല്ല. ഇല്ലാത്ത പ്രാധാന്യം അതിനുണ്ടാക്കിക്കൊടുത്തു എന്നതൊക്കെ മറക്കുക. അവിടെ, അവർ, അനവധി അവസരങ്ങൾ തുറന്നിട്ടത് കാണാതെ പോകാതിരിക്കാനും , പ്രയോജനപ്പെടുത്താനും കഴിയുമോ എന്നതാണ് പ്രധാനം. ‘ഹിന്ദുസ്ഥാൻ’ മാത്രമൊന്നുമല്ല അത്, അതിനപ്പുറം എന്തെല്ലാമോ അവിടെയുണ്ട്. അപ്പോഴും പക്ഷെ എല്ലാം ‘ഹിന്ദുസ്ഥാനി’ലേക്ക് ചുരുക്കപ്പെടുന്നു……… തന്റെ സർക്കാരിന് ഈശ്വര വിശ്വാസം പ്രശ്നമല്ലെന്നും ഈശ്വരനെക്കുറിച്ചു ചിന്തിക്കുന്നതുപോലും ശരിയല്ലെന്നും പറയുന്ന ഒരു മുഖ്യമന്ത്രിയാണിത്. അവരാണ് ഇന്നിപ്പോൾ ക്ഷേത്രങ്ങൾ അടക്കിവാഴുന്നത്. ജയിലുകളിൽ ക്ഷേത്രങ്ങളുണ്ട്, അല്ലെങ്കിൽ വിവിധ പ്രാർത്ഥനാലയങ്ങളുണ്ട്. എന്നാൽ അവിടെ ഒരു പശുവിനെ ഗോമാതാവായി ആരെങ്കിലും കരുതാൻ പാടില്ലതാനും. നടിയെ ആക്രമിച്ചസംഭവത്തിൽ ഒരു ഗൂഢാലോചനയേ ഇല്ല എന്ന് അഡ്വാൻസായി പ്രഖ്യാപിച്ചുകൊണ്ട് , അറിഞ്ഞോ അറിയാതെയോ, പോലീസ് അന്വേഷണം അട്ടിമറിക്കാൻ തയ്യാറായ മുഖ്യമന്ത്രിയും ഇദ്ദേഹമാണ്. അതുപോലെ എന്തെല്ലാം. അതിൽ പലതും ഇതിനകം പുറത്തുവരുന്നുണ്ടല്ലോ. ചില മുൻ ഡിജിപിമാർ വരെ പരസ്യമായി പ്രതികരിക്കുന്നത് കാണാതെപോകാനാവില്ലല്ലോ.
ഇത് രാഷ്ട്രീയമാണ്. അനുകൂല ഘടകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം; രാഷ്ട്രീയത്തിൽ തിരിച്ചടികളും വിമർശനങ്ങളും ഉന്നതിക്കായി പ്രയോഗിക്കുന്നതിലാണ് കൗശലം. ഇക്കാര്യത്തിൽ നരേന്ദ്ര മോദിയും അമിത്ഷായും പുതിയകാലത്തെ നല്ല മാതൃകകളാണ് . അവർ അത് എത്രയോ തവണ കാണിച്ചുതന്നിരിക്കുന്നു. ഗുജറാത്തിൽ നിന്നുതന്നെ അനുഭവങ്ങൾ അനവധിയുണ്ടല്ലോ. അവിടെ രാമഭക്തരെ അഗ്നിക്കിരയാക്കിയതിനെത്തുടർന്നുണ്ടായ സംഭവങ്ങളിൽ നരേന്ദ്ര മോദിയെയും സർക്കാരിനെയും കടന്നാക്രമിച്ചപ്പോൾ ബിജെപിയും സംഘ പ്രസ്ഥാനങ്ങളും സ്വീകരിച്ച തന്ത്രങ്ങൾ മറക്കാറായിട്ടില്ലല്ലോ. ‘മരണത്തിന്റെ വ്യാപാരി’ എന്നാണ് അന്ന് സോണിയ ഗാന്ധി നരേന്ദ്ര മോദിയെ ആക്ഷേപിച്ചത്. അത് എങ്ങിനെയാണ് ഗുജറാത്തി വികാരമായി മാറിയതെന്നത് മറന്നുകൂടാ. അവിടെ ജനങ്ങൾ ആരുടെപക്ഷത്താണ് നിലകൊണ്ടതെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദിയെ ചായക്കച്ചവടക്കാരന്റെ പേരുപറഞ്ഞാക്ഷേപിച്ചതും അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രയോജനപ്പെടുത്തിയതും അത്ര പഴയ കഥയല്ല. അതൊക്കെ രാഷ്ട്രീയത്തിലെ കരുനീക്കങ്ങളാണ്; ബുദ്ധിയോടെ ചെയ്യേണ്ടതായ കാര്യങ്ങളാണ്. ഇതിനൊക്കെയുള്ള സാദ്ധ്യതകൾ കാണാതെപോകാൻപാടില്ല.
പിന്നെ ഇവിടെ ഇപ്പോൾ മുഖ്യമന്ത്രി മുൻകയ്യെടുത്ത് സിപിഎം, ആർഎസ്എസ് , ബിജെപി നേതാക്കൾ തമ്മിൽ ചില ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ശുഭോതർക്കമാണ് അതെന്നു കരുതുന്നയാളാണ് ഞാൻ. അത് മുന്നോട്ടുകൊണ്ടുപോകണം എന്നതിലും സംശയമില്ല. അക്രമമല്ല ഒന്നിനും പരിഹാരം എന്നത് ചുരുങ്ങിയത് രണ്ടുപക്ഷത്തേയും, മുഖ്യമന്ത്രിയടക്കം, നേതാക്കളെങ്കിലും ഇന്നിപ്പോൾ മനസിലാക്കുന്നു എന്നത് വലിയകാര്യമാണ്. ഇക്കാര്യത്തിൽ പ്രവർത്തകരെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. രണ്ടുപേർക്കും അത് അത്ര എളുപ്പമാവണമെന്നില്ല. 1980 കളിൽ ജസ്റ്റിസുമാരായ വിആർ കൃഷ്ണയ്യരുടെയും ടി ചന്ദ്രശേഖര മേനോന്റെയും മധ്യസ്ഥതയിൽ ഇത്തരം സമാധാന ചർച്ചകൾ നടന്നിട്ടുണ്ട്. അഡ്വ ടിവി അനന്തനും ആർ ഹരിയും പി പരമേശ്വരനും മറ്റും സംഘ പ്രസ്ഥാനങ്ങളെ അതിൽ പ്രതിനിധീകരിച്ചത്. ഇ കെ നായനാരും ടികെ രാമകൃഷ്ണനും ഒക്കെയാണ് അന്ന് സിപിഎം പക്ഷത്തെ പ്രതിനിധാനം ചെയ്തത്. എന്നാലന്നും വളരെയേറെയൊന്നും കാര്യങ്ങൾ മുന്നോട്ടുപോയില്ല. അതൊക്കെയാണ് അനുഭവങ്ങൾ. അതെന്തായാലും വീണ്ടും അങ്ങിനെ ചില നീക്കങ്ങൾ നടക്കുമ്പോൾ പ്രതിഷേധവും പ്രചരണവുമൊക്കെ ഉപേക്ഷിക്കണം എന്നല്ല; എത്ര സമാധാനമുണ്ടായാലും ആശയപരമായ പോരാട്ടങ്ങൾ തുടരാം. എന്നാൽ പരസ്യമായ പോരാട്ടങ്ങൾ, അക്രമങ്ങൾ എത്രമാത്രം ആശാസ്യമാണ് എന്നത് സംശയകരമാണ്. നേതാക്കൾക്കിടയിലെ വിശ്വാസം ഒരു ഘടകമാണല്ലോ.
Post Your Comments