കൊല്‍ക്കത്ത: തന്റെ ആഢംബരഭ്രമത്തെ വിമര്‍ശിച്ച പാര്‍ട്ടി അനുഭാവിക്കെതിരേ നടപടി ആവശ്യപ്പെട്ട സി.പി.എം എം.പിക്ക് പാര്‍ട്ടിയുടെ പരസ്യശാസന. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചയാള്‍ക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ട സിപിഎം രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെയാണ് പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന സമിതി പരസ്യമായി ശാസിച്ചത്. അതേസമയം പാര്‍ട്ടിക്കാര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച മാര്‍ഗരേഖ ഉടനെ തയാറാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ആപ്പിള്‍ കമ്പനിയുടെ സ്മാര്‍ട്വാച്ചും വിലപിടിപ്പുള്ള പേനയും അണിഞ്ഞുള്ള തന്റെ സെല്‍ഫി ചിത്രത്തിന് ‘ഇല്ലായ്മക്കാരുടെ മഹാനായ നേതാവ്’ എന്ന് സമൂഹ മാധ്യമത്തില്‍ അടിക്കുറിപ്പെഴുതിയ സുമിത് താലൂക്ക് ദാര്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകനെതിരെയാണ്, ഇയാളെ തൊഴിലില്‍നിന്നും പുറത്താക്കണമെന്നു ചൂണ്ടിക്കാട്ടി ഋതബൃത തൊഴിലുടമയ്ക്ക് പരാതി നല്‍കിയത്. സംഭവം കടുത്ത വിവാദത്തിന് വഴിതെളിച്ചിരുന്നു. വാച്ചിന് ഇന്ത്യയില്‍ 25,000 രൂപയും പേനയ്ക്ക് 30,000 രൂപയും വിലയുണ്ടെന്നുമായിരുന്നു ആരോപണം. അതേസമയം വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിച്ചതിനല്ല, വിമര്‍ശിച്ചയാള്‍ക്കെതിരെ പരാതിപ്പെട്ടതിനാണ് അച്ചടക്ക നടപടിയുണ്ടായതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments