വാഷിങ്ടൻ: യു.എസിൽ ഇന്ത്യൻ പൗരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ത്യൻ പൗരനായ എൻജിനിയറെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് യുഎസ് പൗരനായ ഒരാൾ വെടിവയ്ക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. യുഎസ് സംസ്ഥാനമായ കൻസാസിലെ ഒലാതെയിൽ ഗാർമിൻ ഹെഡ്ക്വാട്ടേഴ്സിൽ ജോലി ചെയ്തിരുന്ന ശ്രിനിവാസ് കുച്ചിബോട്‌ല(32)യാണ് മരിച്ചത്. സുഹൃത്ത് അലോക് മഡസാനിയും യുഎസ് പൗരനായ ഇയാൻ ഗ്രില്ലോട്ടും ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
വ്യാഴ്ച്ച രാവിലെ പ്രതിയായ യുഎസ് പൗരൻ അദം പുരിൻടനെ പോലീസ് അറസ്റ്റ് ചെയ്തു. നാവികസേനയിൽ ജോലി ചെയ്തിരുന്നയാളാണ് പുരിൻടൻ. കൊലപാതകക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. അതേസമയം, കൃത്യത്തിനുശേഷം മിസൗറിയിലെ ക്ലിന്റണിലെത്തിയ ഇയാൾ ഒളിവിൽക്കഴിയവെ മറ്റൊരാളോട് രണ്ട് മധ്യേഷ്യക്കാരെ വധിച്ചതായി വെളിപ്പെടുത്തിയിരുന്നു.
കുച്ചിബോട്‌ലയും മഡസാനിയും ഗാർമിൻ കമ്പനിയുടെ ഏവിയേഷൻ സംവിധാനത്തിലാണ് ജോലി ചെയ്തിരുന്നത്. അതേസമയം, സംഭവം ഇന്ത്യൻ – അമേരിക്കൻ സമൂഹത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടുക്കം രേഖപ്പെടുത്തി.
Post Your Comments