
ശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഇന്ന് പുലര്‍ച്ചെ തുടങ്ങുന്ന ചടങ്ങുകള്‍ അർദ്ധ രാത്രി വരെ നീണ്ടുനില്‍ക്കും.കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. കേരളത്തിൽ ആലുവ ക്ഷേത്രം ,മാന്നാർ തൃക്കുരട്ടി ക്ഷേത്രം ,പടനിലം പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
ശിവരാത്രിവ്രതം ആചരിക്കേണ്ടത് ഇങ്ങനെ-
ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്.ശിവരാത്രിയുടെ തലേന്നാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക.
പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.പൂവ്, അക്ഷതം(നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ‘ഓം പിതൃഭ്യോ നമഃ’ എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു.ഉച്ചയ്ക്ക് മുമ്പായി ‘ഓം നീലകണ്ഠായ നമഃ’ എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ‘ഓം ശശിശേഖരായ നമഃ’ എന്ന് 336 തവണ ജപിക്കുക. ‘ഓം ശംഭുവേ നമഃ’ എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ‘ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യനാഥായ ഹംഹം നമഃശിവായ ഹ്രീം ശിവായൈ നമഃ’ എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക.പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. ‘വ്രതപുണ്യം സമര്‍പ്പയാമി’ എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നീട് ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തില്‍ സമര്‍പ്പിക്കുക.ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്.
രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് , രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്നമഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.
Post Your Comments