KeralaNews

കാറിനുള്ളില്‍ സംവിധായകനില്‍ നിന്നും ഉണ്ടായ ദുരനുഭവം വിവരിച്ച് എഴുത്തുകാരി

കൊച്ചി : മലയാളത്തിലെ യുവനായിക ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മറച്ചുവെച്ചിരുന്ന പല സംഭവങ്ങളും ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണ്. 12 വര്‍ഷം മുമ്പ് സിനിമയിലെ ഒരു യുവ സംവിധായകനില്‍ നിന്നും തനിക്ക് നേരിട്ട് പീഡനശ്രമത്തേക്കുറിച്ച് തുറന്നു പറയുകയാണ് എഴുത്തുകാരിയും സംവിധായികയും സാമൂഹികപ്രവര്‍ത്തകയുമായ ലീന മണിമേഖല.

ഇന്ന് അവകാശങ്ങളേക്കുറിച്ച് സംസാരിക്കുന്ന തനിക്ക് അന്ന് നേരിട്ട അക്രമത്തേക്കുറിച്ച് വളരെ അടുത്തവരോട് പോലും പറയാന്‍ പേടിയായിരുന്നെന്ന് ലീന പറയുന്നു.
തന്റെ ഫേസ്ബുക്ക് പേജിലാണ് ലീന കുറിപ്പ് പോസ്റ്റ് ചെയ്തത്. 2005ല്‍ ടെലിവിഷന്‍ ചാനലില്‍ പ്രോഗ്രാം പ്രൊഡ്യുസറായും അവതാരികയായും ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു മോശം മോശം അനുഭവത്തേക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ലീന മണിമേഖല പറഞ്ഞത്. ഒരു പ്രശസ്ത സംവിധായകനില്‍ നിന്നാണ് പീഡന ശ്രമം ഉണ്ടായതായി അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ചാനലിലെ ഒരു പ്രോഗ്രാമിന് വേണ്ടിസംവിധായകനെ ഇന്റര്‍വ്യു ചെയ്യാന്‍ പോയപ്പോഴായിരുന്നു സംഭവം. അഭിമുഖം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി 9.30 കഴിഞ്ഞിരുന്നു. താമസ സ്ഥലത്തേക്ക് പോകാന്‍ ഓട്ടോ വിളിക്കാന്‍ നില്‍ക്കുമ്പോഴാണ് സംവിധായകന്റെ കാര്‍ തനിക്കരികില്‍ എത്തിയത്. തന്റെ വീടിന് സമീപത്തേക്കാണ് പോകുന്നത്, അവിടെ ഇറക്കാം എന്ന് പറഞ്ഞു. താന്‍ അയാളെ വിശ്വസിച്ച് കാറില്‍ കയറിയെന്നും ലീന പറയുന്നു.

കുറച്ച് ദൂരം മുന്നോട്ട് പോകുന്നത് വരെ വളരെ നല്ല രീതിയിലായിരുന്നു അയാളുടെ സംസാരം. എന്നാല്‍ പെട്ടെന്ന് അയാളുടെ ശബ്ദത്തില്‍ വ്യത്യാസം വന്നു. അയാള്‍ കാറിന്റെ സെന്റര്‍ ലോക്കിംഗ് സിറ്റം പ്രവര്‍ത്തിപ്പിച്ചതിന്റെ ശബ്ദം താന്‍ കേട്ടുവെന്ന് ലീന പറയുന്നു. അവരുടെ മടിയിലിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് ഓഫ് ചെയ്ത് കാറിന്റെ മൂലയിലേക്ക് അയാള്‍ വലിച്ചെറിഞ്ഞു.അയാളുടെ പെട്ടന്നുള്ള ഭാവമാറ്റത്തില്‍ താന്‍ പരിഭ്രമിച്ച് പോയെന്ന് ലീന പറഞ്ഞു. അയാള്‍ക്കൊപ്പം അപ്പാര്‍ട്ട്‌മെന്റിലേക്ക് ചെല്ലാന്‍ അയാള്‍ ഭീഷണി മുഴക്കി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.

കാര്‍ നിര്‍ത്തി തന്നെ ഇറക്കി വിടാന്‍ അയാളോട് പറഞ്ഞു. പക്ഷെ ചെവിക്കൊണ്ടില്ല. കേണപേക്ഷിച്ചു നോക്കി. ഒടുവില്‍ കാറിന്റെ ഡോറും ഗ്ലാസും ചവിട്ടിപ്പൊളിക്കുമെന്ന് ഉച്ചത്തില്‍ അലറി. താമസസ്ഥലത്തേക്ക് 20 മിനിറ്റ് യാത്ര വേണ്ടിടത്ത് 45 മിനിറ്റ് അയാള്‍ തന്നേയുംകൊണ്ട് കാറില്‍ കറങ്ങിയെന്ന് അവര്‍ പറഞ്ഞു.
തന്റെ കൈയില്‍ സ്ഥരിമായി കരുതാറുള്ള കത്തിയാണ് തനിക്ക് രക്ഷയായതെന്ന് അവരുടെ കുറിപ്പില്‍ പറയുന്നു. എന്‍ജിനിയറിംഗ് കാലഘട്ടം മുതലേ ബാഗില്‍ ഒരു കത്തി കരുതുന്ന ശീലമുണ്ടായിരുന്നു. ആ കത്തി താന്‍ ഉപയോഗിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് അയാള്‍ തന്നെ താമസ സ്ഥലത്തിന് സമീപത്തുള്ള റോഡില്‍ ഇറക്കി വിട്ടതെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആ കയ്‌പ്പേറിയ അനുഭവത്തെ തന്റെ ഉള്ളില്‍ തന്നെ കുഴിച്ച് മൂടുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവ നായികയ്ക്ക് സംഭവിച്ച് ദുരനുഭവത്തില്‍ സിനിമാ മേഖല മുഴുവന്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ താനിത് ഓര്‍മിച്ച് പോകുകയാണെന്നാണ് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ പറഞ്ഞുനിര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button