ആഢംബര വിവാഹം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഒരു ഇന്ത്യന്‍ സംസ്ഥാനം കൊണ്ടുവന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളും ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികളുടെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലുമാണ് നിയന്ത്രണം കൊണ്ടുവന്നത്. ജമ്മു കാശ്മീരാണ് വിവാഹ ആര്‍ഭാടത്തിന് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരിക്കുന്നത്. മകളുടെ വിവാഹത്തിന് 500ഉം മകന്റെ വിവാഹത്തിന് 400ഉം പേരെ മാത്രമേ അതിഥികളായി പങ്കെടുപ്പിക്കാവൂ എന്നാണ് നിര്‍ദേശം. വിവാഹ നിശ്ചയമടക്കമുള്ള ചടങ്ങുകള്‍ക്ക് 100 പേരെ ക്ഷണിക്കാം. ക്ഷണക്കത്തുകള്‍ക്കൊപ്പം ഉണങ്ങിയ പഴങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ നല്‍കുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകളില്‍ ഏഴ് സസ്യ- സസ്യേതര വിഭവങ്ങളും മറ്റ് രണ്ട് വിഭവങ്ങളും മാത്രമേ വിളമ്പാന്‍ പാടുള്ളൂ. കാശ്മീരി വിവാഹങ്ങള്‍ക്ക് ഇരുപതിലധികം വിഭവങ്ങള്‍ വിളമ്പുന്നത് സാധാരണയാണ്. ഇതിലൂടെ ഒരുപാട് ഭക്ഷണം പാഴാകുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭക്ഷണകാര്യത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ നടത്തുന്ന പരിപാടികള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍വരുത്താനാണ് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം.
Post Your Comments