മസ്‌ക്കറ്റ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 54,750 റിയാല്‍ (ഏകദേശം 94 ലക്ഷം രൂപയിലധികം) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ഗുരുതരപരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ബാലകൃഷ്ണന്‍ രാധാകൃഷ്ണനാണ് മസ്‌ക്കറ്റ് പ്രൈമറി കോടതി വന്‍തുകയുടെ നഷ്ടപരിഹാരം വിധിച്ചത്.
ബാലകൃഷ്ണൻ മുസന്ന ഗ്രഹാത്തിലെ വാഹന വര്‍ക്ക്ഷോപ് ജീവനക്കാരനായിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി അഞ്ചിനാണ് ഇദ്ദേഹം അപകടത്തില്‍പെട്ടത്. മുസന്ന തരീഫില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുവരവേ വര്‍ക്ക്ഷോപ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ടാക്സിയില്‍നിന്ന് റോഡിലേക്ക് ഇറങ്ങി പൈസ കൊടുക്കവേ ടാക്സിക്ക് പിന്നില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിന്‍െറ ആഘാതത്തില്‍ തെറിച്ചുപോയ ബാലകൃഷ്ണന്‍െറ നട്ടെല്ലിനാണ് ഗുരുതര പരിക്കേറ്റത്.
ഇദ്ദേഹത്തെ ആദ്യം റുസ്താഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഖൗല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് മാസത്തോളം ഖൗലയിലെ ചികിത്സക്ക് ശേഷം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി.
നിലവില്‍ നെഞ്ചിന് താഴെ ഭാഗത്തേക്ക് സ്പര്‍ശനം പോലും അറിയാന്‍ കഴിയാത്തവിധം ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതായി മുസന്നയില്‍ ജോലി ചെയ്യുന്ന മകന്‍ ഷിനോജ് പറഞ്ഞു. ചികിത്സ കൊണ്ട് കാര്യമായ പ്രയോജനമില്ളെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ പിതാവ് വീട്ടില്‍തന്നെയാണ് ഉള്ളത്.
ഒരു വര്‍ഷത്തിനുള്ളില്‍തന്നെ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച നീതിന്യായ വ്യവസ്ഥയോട് നന്ദി അറിയിക്കുന്നതായും ഷിനോജ് പറഞ്ഞു. ഗുരുതര പരിക്കുകളേറ്റ് നൂറുശതമാനം ചലനശേഷി നഷ്ടപ്പെട്ട ബാലകൃഷ്ണന് ഭാവിയിലേക്കുള്ള ചികിത്സ ചെലവുകള്‍ കൂടി കണക്കിലെടുത്താണ് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചതെന്ന് ഖാലിദ് അല്‍ വഹൈബിയിലെ മുതിര്‍ന്ന അഭിഭാഷകയായ ദീപ സുധീര്‍ പറഞ്ഞു.
Post Your Comments