IndiaNews

പാക് ചാരസംഘടന 2000ന്റെ കള്ളനോട്ട് ഇറക്കുന്നു : കേന്ദ്രത്തിന് വെല്ലുവിളിയുമായി ദാവൂദ് ഇബ്രാഹിം

ന്യൂഡല്‍ഹി: 2000 രൂപയുടെ കള്ളനോട്ടുകള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇറക്കുന്നുണ്ടെന്നു ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍. കള്ളപ്പണവും കള്ളനോട്ടുകളും പടിയടച്ചു പിണ്ഡം വയ്ക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണിപ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെയും എന്‍ഐഎയുടെയും മുന്നറിയിപ്പു വന്നത്.

എന്നാല്‍ സുരക്ഷ സംവിധാനങ്ങള്‍ കള്ളനോട്ടില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച നിലവാരമുള്ള പേപ്പര്‍ പാക് ചാരസംഘടനയ്ക്ക് ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്ക് ഇത്തരം പേപ്പറുകള്‍ വിതരണം ചെയ്യുന്നവരില്‍ നിന്നും പാക് ചാരസംഘടനകള്‍ക്ക് ലഭിക്കാതിരിക്കുന്നതിന് മുന്‍കരുതല്‍ എടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞയാഴ്ച എന്‍ഐഎയും അതിര്‍ത്തി സേനയും നടത്തിയ പരിശോധനയില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്ക് അടുത്തുള്ള മാല്‍ഡ പ്രദേത്ത് നിന്നും രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ വന്‍തോതില്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത കള്ളനോട്ടുകള്‍ക്ക് ഒറിജിനല്‍ നോട്ടുകളുമായി അസാമാന്യ സാമ്യമാണ് ഉണ്ടായിരുന്നത്.

സുരക്ഷാ ഫീച്ചറുകളില്‍ പലതും ഉള്‍പ്പെടുത്താനായെങ്കിലും അച്ചടിച്ച പേപ്പറിന്റെ നിലവാരം മോശമായിരുന്നെന്നും കണ്ടെത്തിയിരുന്നു.ഇതിന് ശേഷമാണ് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നോട്ടടിക്കാനുള്ള മഷി, പേപ്പര്‍, യന്ത്രങ്ങള്‍ എന്നിവ റിസര്‍വ് ബാങ്കിനു നല്‍കുന്ന ഏജന്‍സികളില്‍ നിന്നു കൈക്കലാക്കാന്‍ ഐഎസ്‌ഐയും ദാവൂദ് ഇബ്രാഹീമിന്റെ സംഘാംഗങ്ങളും ശ്രമിച്ചിട്ടുണ്ട്. രണ്ടായിരം രൂപ നോട്ടിന്റെ പല ഫീച്ചറുകളും പകര്‍ത്താന്‍ സാധിച്ചു. 500ന്റെ സുരക്ഷാ ഫീച്ചറുകള്‍ പകര്‍ത്താനുള്ള ശ്രമം നടക്കുന്നതായും വിവരം നല്‍കിയിട്ടുണ്ട്.

കറാച്ചിയുടെ പ്രാന്ത പ്രദേശങ്ങളില്‍ ഐ.എസ്.ഐ തുടങ്ങിയ കള്ളനോട്ട് അച്ചടി കേന്ദ്രങ്ങളില്‍ ദാവൂദിന്റെ സംഘാംഗങ്ങള്‍ കടന്നുകൂട്ടിയിട്ടുള്ളതായും ഇന്റലിജന്‍സ് ഏജന്‍സിയും ദേശീയ അന്വേഷണ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കുന്നു. നിലവാരം വച്ച് നോക്കുമ്പോള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കൂടി രാജ്യത്തേക്ക് കടത്തുന്ന കള്ളനോട്ടുകളും കറാച്ചിയില്‍ അച്ചടിച്ചതാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

shortlink

Post Your Comments


Back to top button