ദമാം•ഹൈദരാബാദ് കേന്ദ്രമായി, സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് വീട്ടുജോലിക്കെന്ന് പറഞ്ഞ് ഇന്ത്യൻ വനിതകളെ നിയമവിരുദ്ധമായി “ചവിട്ടികയറ്റി” വിടുകയും, ചതിക്കെണിയിൽ പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്യുന്ന വിസ ഏജന്റുമാരുടെ മാഫിയയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം ആവശ്യപ്പെട്ടു.
ഈയടുത്ത കാലത്തായി, ഇത്തരം ചതിക്കെണിയിൽപ്പെട്ട് ഒടുവിൽ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെടുന്ന വീട്ടുജോലിക്കാരുടെ അനേകം കേസുകളാണ്, തനിയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നതെന്ന് നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ പറഞ്ഞു.
വിശാഖപട്ടണം സ്വദേശിനിയായ മേരി പാഡി അത്തരമൊരു ചതിയുടെ ഇരയാണ്. ഒരു വർഷം മുൻപാണ്,നല്ല ശമ്പളവും, മോഹനവാഗ്‌ദങ്ങളും നൽകി, നല്ലൊരു തുക സർവ്വീസ് ചാർജ്ജായി ഈടാക്കി, ഒരു വിസ ഏജന്റ് മേരി പാഡിയെ സൗദിയിലേക്ക് കയറ്റി വിട്ടത്. റിയാദിൽ എത്തിയ മേരിയെ, ആരാണ് സ്‌പോൺസർ എന്ന് പോലും പറയാതെ, ജോലിയ്ക്ക് എന്തൊക്കെയോ തടസ്സമുണ്ടെന്നോ, സ്പോൺസർ വിദേശത്തു പോയെന്നോ ഒക്കെ പല നുണകൾ പറഞ്ഞ്, ജോലിയൊന്നും നൽകാതെ ആറുമാസക്കാലത്തോളം അവിടുള്ള ഏജൻസിയുടെ ഓഫീസിൽ തന്നെ താമസിപ്പിയ്ക്കുകയായിരുന്നു. ശമ്പളമോ പണമോ ഒന്നുമില്ലാതെ സഹികെട്ട മേരി ഒടുവിൽ ശക്തമായി പ്രതികരിച്ചപ്പോൾ, ഏജന്റ് അവരെ ഒരാളുടെ വീട്ടിൽ ജോലിയ്ക്ക് കൊണ്ടാക്കി. അവിടെ നാലുമാസം രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്‌തെങ്കിലും രണ്ടു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ.
ഒടുവിൽ മേരി റിയാദ് ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞു. ദമ്മാമിലുള്ള ഒരാളുടെ പേരിലാണ് മേരിയുടെ വിസ എന്ന് മനസ്സിലാക്കിയ എംബസ്സി അധികൃതർ, പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ അയയ്ക്കുകയും, ദമാമിലുള്ള നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെ വിവരങ്ങൾ അറിയിച്ച് ഈ കേസ് ഏൽപ്പിയ്ക്കുകയും ചെയ്തു.
മഞ്ജു മണിക്കുട്ടൻ വനിതഅഭയകേന്ദ്രത്തിൽ എത്തി മേരി പാഡിയുമായി സംസാരിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കി. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും മേരിയുടെ സ്‌പോൺസറെ ബന്ധപ്പെട്ടെങ്കിലും, അവരെ അറിയില്ലെന്നും, തനിയ്ക്ക് വീട്ടുജോലിക്കാരി ആവശ്യമില്ലെന്നും മറ്റും പറഞ്ഞ് അയാൾ കൈമലർത്തി. തുടർന്ന് മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ, മേരിയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയായിരുന്നു.
നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച് മേരി പാഡിയ്ക്ക്, തെലുങ്കാനയിൽ നിന്നുള്ള പ്രവാസിസംഘടനനേതാവായ ടി.ആർ.ശ്രീനിവാസ് വിമാനടിക്കറ്റ് നൽകി. എല്ലാവർക്കും നന്ദി പറഞ്ഞ്, രണ്ടു മാസത്തെ വനിതഅഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, മേരി പാഡി വെറും കൈയ്യോടെ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments