പാറ്റ്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടലുണ്ടാക്കി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പുതിയ ഉത്തരവ്. തെരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ഭാഗമായി ബിഹാറില്‍ മദ്യനിരോധനം കര്‍ശനമായി നടപ്പാക്കിയതിന് പിന്നാലെ സര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തു മാത്രമല്ല, ബിഹാറിനു പുറത്തു സഞ്ചരിക്കുമ്പോഴും അന്യരാജ്യങ്ങളില്‍ പോകുമ്പോഴും മദ്യം ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് മുഖ്യമന്ത്രിയുടേതായി പുറത്തുവന്നിരിക്കുന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയിരിക്കുന്ന സംസ്ഥാനത്തെ ചില ഉദ്യോഗസ്ഥര്‍ രഹസ്യമായി മദ്യം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടെന്നു നിതീഷ്‌കുമാര്‍ തന്നെ കഴിഞ്ഞ ദിവസം ഒരു പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കു മദ്യവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാര്‍ മന്ത്രിസഭ കഴിഞ്ഞയാഴ്ച കൊണ്ടുവന്ന നിയമഭേദഗതിപ്രകാരം മജിസ്‌ട്രേറ്റുമാര്‍, ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങിയവര്‍ ലോകത്തിന്റെ ഏതു കോണില്‍ വച്ചു മദ്യപിച്ചു പിടിയിലായാലും കുറ്റക്കാരാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ സസ്‌പെന്‍ഷന്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍, പിരിച്ചുവിടല്‍ എന്നിങ്ങനെയുള്ള ശിക്ഷകളാണ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ എവിടെയായാലും പെരുമാറ്റമര്യാദ കാണിക്കുന്നുണ്ടോയെന്നു നോക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. സംസ്ഥാനത്തിനു പുറത്തു ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും വിലക്ക് ബാധകമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ വിലക്ക് ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് ബിഹാര്‍.
Post Your Comments