തിരുവനന്തപുരം•കേരളത്തില്‍ സദാചാര ഗുണ്ടായിസം പോലെയുള്ള ക്രിമിനല്‍ ചട്ടമ്പിത്തരങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ സദാചാര ഗുണ്ടാവിളയാട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വാലന്റയന്‍സ് ദിനത്തില്‍ കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചിലെത്തിയ ചെറുപ്പക്കാരായ യുവതീയുവാക്കളെ ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വ്യക്തമായ നിയമവ്യവസ്ഥകള്‍ പ്രകാരം കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
യുവതീയുവാക്കളെ സദാചാരഗുണ്ടകള്‍ ആക്രമിക്കുന്നതും അക്രമത്തിനിരയായവര്‍ യാചിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അക്രമികള്‍ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറെ നികൃഷ്ടവും സംസ്കാരികബോധത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയ്യേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു എന്നത് കടുത്ത നിയമലംഘനമാണ്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആളിനേയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 14 ന് പ്രണയദിനത്തില്‍ അഴീക്കല്‍ ബീച്ചില്‍ എത്തിയ യുവതിയേയും യുവാവിനേയും സദാചാര പൊലീസ് ചമഞ്ഞ് അഞ്ചംഗ സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് ഇരയായ യുവതിയും യുവാവും പോലീസില്‍ പരാതി നല്കി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അഞ്ചംഗ സംഘം ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി.
പ്രാഥമിക കൃത്യത്തിന് പോയപ്പോള്‍ സദാചാര ഗുണ്ടകള്‍ പിടികൂടി ആക്രമിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മാനഹാനി മൂലം ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും യുവതി പറഞ്ഞു. യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്കിയാല് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇരയായ യുവാവ് പറഞ്ഞു.
Post Your Comments