പുനലൂര്‍ : ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുനലൂര്‍-ഇടമണ്‍ റെയില്‍പ്പാതയിലൂടെ ആദ്യ ബ്രോഡ്‌ഗേജ് തീവണ്ടി ഓടി. മീറ്റര്‍ഗേജ് പാതയായിരുന്ന പുനലൂര്‍-ചെങ്കോട്ട പാതയില്‍ തീവണ്ടിയോട്ടത്തിന് സജ്ജമായ പുനലൂര്‍-ഇടമണ്‍ ഭാഗത്തെ പരീക്ഷണയോട്ടമാണ് നടന്നത്. ബ്രോഡ്‌ഗേജാക്കുന്നതിനായി 2010 ലാണ് പുനലൂര്‍-ചെങ്കോട്ട പാതയില്‍ തീവണ്ടി സര്‍വീസ് നിര്‍ത്തിയത്. സെപ്റ്റംബര്‍ 20ന് പുനലൂരില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോയ അവസാന മീറ്റര്‍ഗേജ് തീവണ്ടിയെ കണ്ണീരോടെയായിരുന്നു ജനം യാത്രയാക്കിയത്.
ആദ്യത്തെ തീവണ്ടിയോടുന്നതറിഞ്ഞ് വളരെക്കുറച്ചുപേരേ പുനലൂര്‍ സ്റ്റേഷനിലെത്തിയിരുന്നുള്ളൂ. എന്നാല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കൂകിപ്പാഞ്ഞ തീവണ്ടി കാണാന്‍ പാതയ്ക്കിരുവശവും ജനം നിരന്നുനിന്നിരുന്നു. തീവണ്ടി പശ്ചാത്തലമാക്കി മൊബൈല്‍ ഫോണില്‍ സെല്‍ഫിയും വീഡിയോയും പകര്‍ത്തുന്ന തിരക്കിലായി ജനം. തീവണ്ടിയെ സ്വീകരിക്കാന്‍ ഇടമണ്‍ ഗ്രാമമൊന്നാകെ സ്റ്റേഷനിലെത്തിയിരുന്നു. തിരികെ 6.05ന് പുറപ്പെട്ട വണ്ടി 15 മിനിറ്റുകൊണ്ട് പുനലൂര്‍ സ്റ്റേഷനിലെത്തി.
Post Your Comments