NewsInternational

സൗദിയില്‍ കനത്ത മഴ : റോഡുകള്‍ ഒലിച്ചുപോയി : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. അസീര്‍ പ്രവിശ്യയില്‍ ഒരാള്‍ മരിച്ചു. പലയിടങ്ങളിലും റോഡ് ഒലിച്ചുപോയത് കാരണം ഗതാഗതം സ്തംഭിച്ചു. മഴ ശക്തമായതോടെ പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ദമാം ജുബൈല്‍, അല്‍ അഹ്‌സ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. അല്‍ അഹ്‌സ, സഫ്വാ എന്നിവിടങ്ങളില്‍ റോഡ് ഒലിച്ച് പോയി. വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദൂരക്കാഴ്ച കുറവായതിനാല്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചും അപകടങ്ങളുണ്ടായി. അപകട ഭീഷണിയെ തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്ന് ദമ്മാമിലേക്കും റിയാദിലേക്കുള്ള വാഹനങ്ങള്‍ കഴിഞ്ഞ ദിവസം അല്‍ അഹ്‌സയില്‍ തടഞ്ഞു നിര്‍ത്തി.

സിവില്‍ ഡിഫന്‍സ്, പോലിസ്, മുന്‍സിപ്പാലിറ്റി അധികൃതര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. താഴ്ന്നഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും വെള്ളം കയറി. ദക്ഷിണ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. അസീറില്‍ പ്രവിശ്യയില്‍ കഴിഞ്ഞ മൂന്ന് ദിവസമായ പെയ്യുന്ന അതിശക്തമായ മഴയിലും, ഇടിമിന്നലിലും, മഞ്ഞ് വീഴ്ചയിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. വിവിധ പ്രദേശങ്ങളില്‍ മലയിടിച്ചിലിലും വെള്ളപ്പൊക്കവുമുണ്ടായി. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകട ഭീഷണിയെ തുടര്‍ന്ന് അബഹയിലേക്കുള്ള വാഹനങ്ങള്‍ എയര്‍പോര്‍ട്ട് റോഡ് വഴി തിരിച്ച് വിട്ടു. അബ്ഹ ദര്‍ബ് റോഡിലും, അബ്ഹമൊഹായില്‍, അബ്ഹ ത്വാഇഫ് റോഡിലും മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

രാജ്യത്തിന്റെ ഇതര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതോടെ പല പ്രവിശ്യകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. വെളളിയാഴ്ചവരെ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന ഭാഗങ്ങളിലുള്ളവരും വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരും ശ്രദ്ധിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button