KeralaNews

എം.എല്‍.എയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; നേതാവിനെതിരെ സി.പി.ഐ. അന്വേഷണം

അടൂര്‍: അടൂര്‍ എം.എല്‍.എ. ചിറ്റയം ഗോപകുമാറിനെ ജാതി പേരു പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ സി.പി.ഐ. ജില്ലാ നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു. ചിറ്റയം ഗോപകുമാറിനെതിരെ ഒരു സ്വകാര്യ ഫോണ്‍ സംഭാഷണത്തിലാണ് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേല്‍ മോശമായ ജാതീയ അധിക്ഷേപം ഉന്നയിച്ചെന്നാണ് ആക്ഷേപം. നവമാധ്യമങ്ങളിലെല്ലാം രണ്ടു ദിവസമായി ഈ സംഭാഷണം വ്യാപകമായി പ്രചരിക്കുകയാണ്.

ഇപ്പോഴും കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ മനസ്സില്‍ സ്വകാര്യമായി ഫ്യൂഡല്‍ ജന്മി മനോഭാവമാണെന്ന തരത്തിലാണ് വിമര്‍ശനം. സി.പി.ഐ.യുടെ ഒരു വിഭാഗം നേതാക്കന്മാരും പാര്‍ട്ടി നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ചിറ്റയം ഗോപകുമാര്‍ പാര്‍ട്ടിക്ക് പരാതി നല്കിയിട്ടില്ല. പക്ഷെ നവമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമര്‍ശനമായതോടെയാണ് പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയത്.

പത്തനംതിട്ടയില്‍ ബുധനാഴ്ച ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. ആരോപണവിധേയനായ നേതാവ് യോഗത്തില്‍ പങ്കെടുത്തുമില്ല. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം എഴുതി നല്‍കാന്‍ നേതാവിനോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. 18ന് നടക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും വിഷയത്തില്‍ അന്തിമമായ തീരുമാനമെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എ.പി.ജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button