NewsGulf

നരകയാതനകള്‍ക്കൊടുവില്‍ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഷാഹിദ് അലി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•ജോലിഭാരം കാരണം സ്പോണ്സർക്കെതിരെ ലേബർ കോടതിയിൽ കേസ് കൊടുത്ത ഹൌസ് ഡ്രൈവർ, നവയുഗം സാംസ്കാരികവേദിയുടെ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഉത്തരപ്രദേശ്‌ വാരണാസി സ്വദേശിയായ ഷാഹിദ് അലി അഞ്ചു മാസങ്ങൾക്ക് മുൻപാണ് ദമ്മാമിലെ അൽ-ഫസലിയയിലെ ഒരു വീട്ടിൽ ഹൌസ് ഡ്രൈവർ ആയി എത്തിയത്. ഭാര്യയും മൂന്നു മക്കളുമുള്ള പാവപ്പെട്ട കുടുംബത്തിന്റെ ഏകഅത്താണിയായ ഷാഹിദ് അലി, നല്ലൊരു ഭാവി ജീവിതം സ്വപ്നം കണ്ടാണ് പ്രവാസിയായി ജോലിയ്ക്ക് എത്തിയത്.

എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി, വളരെ ബുദ്ധിമുട്ട് നിറഞ്ഞ ജോലി സാഹചര്യങ്ങളാണ് ഷാഹിദ് അലിയ്ക്ക് നേരിടേണ്ടി വന്നത്. ഡ്രൈവർ ജോലിയ്ക്കു പുറമെ ആ വലിയ വീട്ടിലെ പുറംപണിയും അയാൾക്ക് ചെയ്യേണ്ടി വന്നു. രാപകലില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനാൽ, വിശ്രമിയ്ക്കാനോ, സമയത്ത് ആഹാരം കഴിയ്ക്കാനോ കഴിയാതെ അയാൾ വലഞ്ഞു. ആരോഗ്യം വളരെ മോശമായി വന്നിട്ടും, സ്പോൺസർ അയാളെ വിശ്രമിയ്ക്കാൻ അനുവദിയ്ക്കാതെ നിർബന്ധിച്ചു ജോലി ചെയ്യിച്ചു. വിശ്രമമില്ലായ്മ കാരണം വണ്ടി ഓടിയ്ക്കുമ്പോൾ റോഡിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാൻ പറ്റാതെ വന്നപ്പോൾ, താൻ അപകടത്തിൽ പെടുമോ എന്ന ഭയവും അയാളെ അലട്ടി.

ഒടുവിൽ സഹികെട്ട്, നാല് മാസം കഴിഞ്ഞപ്പോൾ, താൻ ഇനി ജോലി ചെയ്യില്ലെന്നും, നാട്ടിലേയ്ക്ക് തിരികെ അയയ്ക്കണമെന്നും സ്പോൺസറോട് ഷാഹിദ് അലി ആവശ്യപ്പെട്ടു. എന്നാൽ സ്പോൺസർ വഴങ്ങിയില്ല. നാട്ടിലേയ്ക്ക് തിരികെ അയയ്ക്കണമെങ്കിൽ, തനിയ്ക്ക് ഇരുപത്തിഅയ്യായിരം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് സ്പോൺസർ ആവശ്യപ്പെട്ടു. എന്നാൽ പാവപ്പെട്ട ഷാഹിദ് അലിയ്ക്ക് അത്രയും പണം ഉണ്ടാക്കാൻ കഴിവില്ലായിരുന്നു.

ചില സുഹൃത്തുക്കളുടെ ഉപദേശപ്രകാരം, നവയുഗം സംസ്‌കാരികവേദി നിയമസഹായവേദി ഹെൽപ്പ് ഡെസ്ക്കിൽ എത്തിയ ഷാഹിദ് അലി, നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തോട് സഹായം തേടി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഷാഹിദ് അലി ലേബർ കോടതിയിൽ സ്പോൺസർക്കതിരെ കേസ് കൊടുത്തു.

ലേബർ കോടതിയിൽ കേസ് വിളിച്ചപ്പോൾ എത്തിയ സ്പോൺസറുമായി ഷാജി മതിലകം ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ആദ്യമൊക്കെ പിടിവാശി കാട്ടിയ സ്പോൺസർ, ഒടുവിൽ ഷാജി മതിലകത്തിന്റെ സമ്മർദ്ദത്തിന് ഒടുവിൽ, രണ്ടായിരം റിയാൽ കിട്ടിയാൽ എക്സിറ്റ് നൽകാം എന്ന് സമ്മതിച്ചു. ആ തുക ഷാഹിദ് അലി നൽകിയപ്പോൾ, ഫൈനൽ എക്സിറ്റ് അടിച്ച പാസ്സ്‌പോർട്ട് സ്പോൺസർ കൈമാറി.

നവയുഗം ജീവകാരുണ്യപ്രവർത്തകർ നാട്ടിലെ ഷാഹിദ് അലിയുടെ ഏജന്റിനെ വിളിച്ചു സംസാരിച്ചത് അനുസരിച്ച്, അവർ അയാൾക്കുള്ള മടക്കയാത്ര വിമാനടിക്കറ്റ് അയച്ചു കൊടുത്തു. എല്ലാവർക്കും നന്ദി പറഞ്ഞ് ഒമാൻ എയർവേയ്‌സ് വിമാനത്തിൽ ഷാഹിദ് അലി നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button