അഹമ്മദാബാദ്: ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി ദമ്പതികള്‍ വളര്‍ത്തുമകനെ കൊന്നു. ലണ്ടനില്‍ സ്ഥിര താമസക്കാരായ ദമ്പതികളുടെ 13 വയസ്സുള്ള ദത്ത്പുത്രന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. സംഭവത്തിൽ ആര്‍തി ലോക്‌നാഥ്, ഭര്‍ത്താവ് കണ്‍വാല്‍ജിത്ത് സിങ് റെയ്ജാത എന്നിവര്‍ക്കെതിരെ അഹമ്മദാബാദ് പോലീസ് കേസെടുത്തു. ഇവരുടെ ദത്ത് പുത്രനായ ഗോപാല്‍ (13) ആണ് കൊല്ലപ്പെട്ടത്.
കോടികളുടെ ഇന്‍ഷൂറന്‍സ് തുക തട്ടി എടുക്കാനാണ് വാടക കൊലയാളികളുടെ സഹായത്തോടെ വളര്‍ത്തുമകനെ കൊന്നതെന്ന് ദമ്പതികൾ സമ്മതിച്ചു. നിതീഷ് എന്നയാളുടെ സഹായത്തോടെയാണ് ദമ്പതികള്‍ ഗോപാലിനെ ദത്തെടുത്തത്. തുടര്‍ന്ന് വന്‍ തുകയ്ക്ക് കുട്ടിയുടെപേരില്‍ ഇന്‍ഷുറന്‍സെടുത്തു. പിന്നീട് ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു. നടന്ന് പോവുകയായിരുന്ന ഗോപാലിനെ ബൈക്കില്‍ എത്തിയ രണ്ട് പേര്‍ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിതീഷ് അറസ്റ്റിലായി. എന്‍.ആര്‍.ഐ ദമ്പതികള്‍ അഞ്ചുലക്ഷം രൂപവീതം നല്‍കി ഏര്‍പ്പെടുത്തിയ വാടക കൊലയാളികളാണ് ഗോപാലിനെ കുത്തിവീഴ്ത്തിയതെന്ന് നിതീഷ് പറഞ്ഞു. ലണ്ടനിലുള്ള ആരതിയെയുംഭർത്താവിനെയും ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു.
Post Your Comments