ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവായി എടപ്പാടി കെ പളനിസാമിയെ തെരഞ്ഞെടുത്തു. നിലവില്‍ പൊതുമരാമത്ത്, ഹൈവേ, തുറമുഖ വകുപ്പ് മന്ത്രിയാണ് പളനിസാമി.
സുപ്രീം കോടതി വിധി മാനിക്കുന്നതായും, പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ കത്ത് ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്നും എടപ്പാടി കെ പളനിസാമി പറഞ്ഞു. സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ, ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരുമായി ശശികല ആശയവിനിമയം നടത്തിയശേഷമാണ് ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയതെന്നാണ് സൂചന. എംഎല്‍എമാരില്‍ നിന്നും മൂന്നു വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തില്‍ നിന്നാണ് പളനിസാമി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജയലളിത ഭരണകാലത്ത് മന്ത്രിസഭയില്‍ മൂന്നാമനായിരുന്നു എടപ്പാടി പളനിസാമി. നേരത്തെ പനീര്‍സെല്‍വം രാജി വെച്ചതിനെത്തുടര്‍ന്ന് ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ തന്നെ നിര്‍ബന്ധിച്ച് രാജി വെയ്പ്പിക്കുകയായിരുന്നു എന്ന് പനീര്‍ശെല്‍വം വെളിപ്പെടുത്തിയതോടെയാണ് തമിഴ്‌നാട് രാഷ്ട്രീയം ഏറെ സംഘര്‍ഷഭരിതമായത്.
Post Your Comments