കോട്ടയം: ഇനി മുതൽ വെള്ളം ശുദ്ധീകരിക്കാൻ കാര്‍ഷിക പാഴ്വസ്തുക്കളും. ഇത്തരത്തിൽ വെള്ളം ശുദ്ധീകരിക്കാനുള്ള രീതിക്ക് എം.ജി.സര്‍വകലാശാലയിലെ നാനോടെക്‌നോളജി വിഭാഗം രൂപംനല്‍കി. വാഴനാര്, കൈതയോല, കയര്‍പിരിച്ചശേഷമുള്ള പൊടി, കായലിലെ പോള എന്നിവയാണ് വെള്ളം ശുദ്ധീകരിക്കാനായി ഉപയോഗിക്കുന്നത്. ഇവയെല്ലാംചേര്‍ത്ത് കിടക്കയുടെ രൂപത്തിലുള്ള നാനോ സെല്ലുലോസ് ഫില്‍ട്ടര്‍ നിര്‍മിക്കും. ഈ അരിപ്പയിലൂടെ മലിനവെള്ളം കടത്തിവിടുമ്പോള്‍ വെള്ളം ശുദ്ധമായി പുറത്തുവരും.
നിലവിൽ റിവേഴ്‌സ് ഓസ്‌മോസിസ് സിസ്റ്റത്തിലൂടെയും അതിനുശേഷം ഓസോണ്‍ കടത്തിവിട്ടുമാണ് വെള്ളം ശുദ്ധീകരിക്കുന്നത്. പക്ഷെ പുതിയ കണ്ടെത്തൽ പ്രകാരം രാസപ്രക്രിയകൂടാതെ ജൈവരീതിയില്‍ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കും. അതും വളരെ കുറഞ്ഞ ചിലവിൽ. വ്യാവസായികാടിസ്ഥാനത്തില്‍ ഈ പ്രക്രിയ ഉപയോഗിച്ച് ഒരുലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ മൂന്നുരൂപയാണ് ചെലവു കണക്കാക്കുന്നത്.
നാനോ സെന്ററിലെ ഡോ.സാബു തോമസിന്റെയും ഡോ.നന്ദകുമാര്‍ കളരിക്കലിന്റെയും നേതൃത്വത്തില്‍ ദീപു ഗോപകുമാറാണ്, പാഴ്വസ്തുക്കളില്‍നിന്നു വെള്ളം ശുദ്ധീകരിക്കാമെന്നു കണ്ടെത്തിയത്. ഈ രീതിയിൽ എത്ര മലിനമായ വെള്ളവും ശുദ്ധീകരിക്കാമെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വീട്ടില്‍ ഉപയോഗിക്കാനും ടാപ്പില്‍ പിടിപ്പിക്കാനുമുള്ള അരിപ്പകള്‍ നിര്‍മിക്കുന്നതിനുള്ള ഗവേഷണത്തിലാണിപ്പോള്‍. എം.ജി.സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments