തിരുവനന്തപുരം•പോലീസും പഞ്ചായത്തും തിരിഞ്ഞു നോക്കാതെ വഴിയരുകില്‍ കിടന്ന വൃദ്ധന് രക്ഷകനായി അസിസ്റ്റന്റ് കളക്ടര്‍ നേരിട്ടെത്തി. അതും ഒരു പെണ്‍കുട്ടിയുടെ ഫോണ്‍കോളിനെത്തുടര്‍ന്ന്. തിരുവനന്തപുരം മറനല്ലൂരില്‍ ആണ് സംഭവം. സ്വന്തമായി വീടുണ്ടായിരുന്നിട്ടും മകളുടെ ചതിയില്‍ എല്ലാം നഷ്ടമായി വഴിയാധാരമായ ദാമോരന്‍ എന്ന 76 കാരനെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ കോളിനെത്തുടര്‍ന്ന് തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടര്‍ ദിവ്യ അയ്യര്‍ നേരിട്ടെത്തി രക്ഷപെടുത്തിയത്.
രണ്ട് സെന്റ് സ്ഥലത്തെ സ്വന്തം വീട്ടിലായിരുന്നു ദാമോദരന്‍ താമസിച്ചുവന്നത്. ചെറുമകളുടെ വിവാഹം ഉറപ്പിച്ചതോടെ, വിവാഹത്തിനുള്ള പണം കണ്ടെത്തുന്നതിനായി മകള്‍ ദാമോരനെ നിര്‍ബന്ധിച്ച് വീടും പറമ്പും വില്‍പ്പിക്കുകയായിരുന്നു. ഇനിയുള്ള കാലം തങ്ങളോടൊപ്പം കഴിയാമെന്ന മകളുടെ വാക്ക് വിശ്വസിച്ചാണ് കിടപ്പാടം വില്‍ക്കാന്‍ ദാമോദരന്‍ തയ്യാറായത്. എന്നാല്‍ ചെറുമകളുടെ വിവാഹം കഴിഞ്ഞതോടെ മകളുടെ സ്വഭാവം മാറി. ദാമോദരന്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വീട്ടില്‍ നിന്നും പുറത്താക്കിയത്. പിന്നീട് വഴിയരുകിലായിരുന്നു ദാമോദരന്റെ താമസം. സമീപവാസികള്‍ നല്‍കിയിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നവരെ മരുമകന്‍ അസഭ്യം പറയുന്നതും പതിവായിരുന്നു. ഇതോടെ പലരും ഭക്ഷണം കൊടുക്കുന്നതും നിര്‍ത്തി.
ഇതിനിടെ പോലീസില്‍ വിവരമറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. നാട്ടുകാരും ചില പ്രാദേശിക രാഷ്ട്രീയക്കാരും ചേര്‍ന്ന് ദാമോദരനെ വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ല. മകളുടെ വീട്ടിലേക്ക് വീട്ടിലേക്ക് തിരികെപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും മരുമകന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന് പറഞ്ഞു അതിനും ദാമോദരന്‍ തയ്യാറായില്ല. ചതിയിലൂടെ നഷ്‌ടമായ രണ്ട് സെന്ററില്‍ ഒരു സെന്റ് എങ്കിലും ലഭിക്കാതെ എങ്ങോട്ടുമില്ലെന്ന നിലപാടിലായിരുന്നു ദാമോദരന്‍.
ഒടുവില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ വഴിയരുകില്‍ കിടന്ന വൃദ്ധന് സമീപത്തെ വീട്ടിലെ പെണ്‍കുട്ടിയാണ് സഹായവുമായി എത്തിയത്. ഇദ്ദേഹത്തിന് ഭക്ഷണവും മറ്റും നല്‍കിയിരുന്നത് ഇവരാണ്. അധികാരികള്‍ എല്ലാം കൈവിട്ടതോടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടമായ തെരുവില്‍ കഴിയുന്ന വൃദ്ധന്റെ കഥ പെണ്‍കുട്ടി അസിസ്റ്റന്റ് കലക്ടര്‍ ദിവ്യ അയ്യരെ ഫോണില്‍ അറിയിച്ചു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു. പിറ്റേന്ന് തന്നെ അസിസ്റ്റന്റ് കലക്ടറും സംഘവും സ്ഥലത്തെത്തി. ദാമോദരനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ദാമോദരനെ വഴിയാധാരമാക്കിയ മകള്‍ക്കും കുടുംബത്തിനുമെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
തെരുവിലെ ജീവിതത്തില്‍ നിന്ന് മോചിതനായെങ്കിലും വൃദ്ധസദനത്തില്‍ കഴിയാന്‍ ദാമോദരന്‍ ആഗ്രഹിക്കുന്നില്ല. ശേഷിക്കുന്ന കാലം തന്റെ ഭൂമിയില്‍ കിടന്നുമരിക്കണം എന്നതാണ് ഇദ്ദേഹത്തിന്റെ അന്ത്യാഭിലാഷം.
Post Your Comments