KeralaNews

നോട്ട് നിരോധനത്തിന്റെ മറവില്‍ സോഷ്യല്‍ മീഡിയയെ ആയുധമാക്കി മണിചെയിന്‍ തട്ടിപ്പ് വ്യാപകം

തിരുവനന്തപുരം: നോട്ടു നിരോധനത്തിനു ശേഷം സംസ്ഥാനത്ത് മണിച്ചെയിന്‍ തട്ടിപ്പു സംഘങ്ങള്‍ സജീവമായെന്നു രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളെയാണ് സംഘം ആശയപ്രചാരണത്തിനായി പ്രയോജനപ്പെടുത്തുന്നത്. ആളുകളെ ചേര്‍ത്താല്‍ ലാഭം കിട്ടുമെന്ന രീതിയില്‍ നടത്തുന്ന മണിച്ചെയിന്‍ വ്യാപാരവും പെട്ടെന്നു പണം കിട്ടുമെന്ന വാഗ്ദാനം ചെയ്യുന്ന വ്യാപാരവും നിരോധിച്ചിരിക്കെയാണ് ഇത്തരം സംഘങ്ങള്‍ വീണ്ടും സജീവമാകുന്നത്. നോട്ടുനിരോധനത്തോടെ പ്രതിസന്ധിയിലായ ഇവര്‍ വീണ്ടും കള്ളപ്പണം സ്വരൂപിക്കുന്നതിനാണ് പല പേരുകളില്‍ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നതെന്നാണു വിവരം. ആളുകളെ ചേര്‍ക്കുന്നതിനു മാസംതോറും ലക്ഷക്കണക്കിനു രൂപയാണു വിവിധ കമ്പനികളുടെ വാഗ്ദാനം.

പണം ഇരട്ടിപ്പു സംഘങ്ങള്‍ സാധാരണക്കാരായ ജനങ്ങളെ കബളിപ്പിച്ച് കോടികള്‍ തട്ടിയതിന്റെ തുടര്‍ച്ചയായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെക്കൂടി ഉപയോഗപ്പെടുന്നത്. ഫെയ്സ്ബുക്കില്‍ അടുത്തിടെ സജീവമായ വെസ്റ്റിജ് എന്ന കമ്പനി വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ വരുമാനം മാസംതോറും 25,000 രൂപയാണ്. ഫെയ്സ്ബുക്ക് വഴിയാണ് ഇവര്‍ ആളുകളെ കണ്ടെത്തുന്നത്. അതിനു ശേഷം വാട്സ്ആപ്പില്‍ ഗ്രൂപ്പ് തുടങ്ങി അതുവഴിയാണ് ബിസിനസ് നടത്തുന്നത്. ഗ്രൂപ്പില്‍ വന്‍ തുകയാണു വാഗ്ദാനം ചെയ്യുന്നത്. മുതല്‍ മുടക്കില്ലാതെ ദൈനംദിന ആവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങി ആളുകളെ ചേര്‍ക്കുന്നതാണ് ഇവരുടെ രീതി. ഡല്‍ഹി കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഓണ്‍ലൈന്‍ മണിച്ചെയിന്‍ കമ്പനിയും മണി ചെയിന്‍ തട്ടിപ്പില്‍ സജീവമാണ്. 8,000 രൂപ വിലമതിക്കുന്ന ഉത്പന്നങ്ങള്‍ കമ്പനിയുടെ സൈറ്റില്‍ നിന്ന് വാങ്ങിയാണ് അംഗത്വം എടുക്കുന്നത്. അംഗമാകുന്ന വ്യക്തി മറ്റൊരാളെ ചേര്‍ക്കുമ്പോള്‍ 1000 രൂപയും തുടര്‍ന്ന് ഇത് ഇരട്ടിക്കുകയും ചെയ്യുമെന്നതാണ് കമ്പനിയുടെ അവകാശവാദം.

shortlink

Post Your Comments


Back to top button