Interviews

കേരളത്തില്‍ മാര്‍ക്സിസ്റ്റ് മാഫിയ; തമിഴ്നാട്ടില്‍ മന്നാര്‍ഗുഡി മാഫിയ ശശികല മുഖ്യമന്ത്രിയായാല്‍ കേരള ജനതയുടെ ഇപ്പോഴത്തെ ദുരവസ്ഥ ഞങ്ങള്‍ക്കുമുണ്ടാകും

യുവമോര്‍ച്ച തമിഴ്നാട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ദിനകറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

ഇന്നലെ രാത്രി മുതല്‍ രാജ്യം ഉറ്റു നോക്കുന്നത് തമിഴ്നാട്ടിലേക്കാണ്. മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ ശശികല നടരാജനെതിരെ അപ്രതീക്ഷിത നീക്കവുമായി പനീര്‍ ശെല്‍വം രംഗത്തെത്തിയതോടെ തമിഴ് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിലെത്തി 40 മിനിറ്റിലേറെ ധ്യാനിച്ച ശേഷം പനീര്‍ ശെല്‍വം വിളിച്ചു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ചില സത്യങ്ങള്‍ തന്നെയായിരുന്നു. തമിഴ് മക്കള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതെന്തോ അതാണ് പനീര്‍ ശെല്‍വം പറഞ്ഞതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെ അദ്ദേഹത്തെ അനുകൂലിച്ച് തമിഴ്നാട്ടിലുടനീളം ചെറുതും വലുതുമായ ഒട്ടേറെ പ്രകടനങ്ങള്‍ നടന്നു. അതേസമയം , പനീര്‍ ശെല്‍വത്തിന് പിന്നില്‍ ബിജെപി ആണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഈ സാഹചര്യത്തില്‍ അവിടത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിലയിരുത്തുകയാണ് യുവമോര്‍ച്ച തമിഴ്നാട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ദിനകര്‍. രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

? തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി ശശികല നടരാജന്‍ ചുമതലയേറ്റാല്‍ അതിന്റെ അനന്തരഫലം എന്താകും?

? ശശികല മുഖ്യമന്ത്രിയായാല്‍ തമിഴ്നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറും അത്. തമിഴ് മക്കളുടെയിടയില്‍ അമ്മയുണ്ടാക്കിയ സല്‍പ്പേര് പോലും ഇവര്‍ നശിപ്പിക്കും. ശശികലക്ക് ആ പാര്‍ട്ടിയുമായി എന്താണ് ബന്ധം? രാഷ്ട്രീയത്തില്‍ എന്ത് പരിചയമാണുള്ളത്? ഒരു പൊതുസമ്മേളനത്തിന് പോലും ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുള്ള വ്യക്തിയല്ല അവര്‍. കഴിഞ്ഞ ദിവസം ആദ്യമായി നടത്തിയ പ്രസംഗം പോലും എഴുതി പഠിച്ച് വായിച്ചതാണ്. കാമരാജിനും എംജിആറിനും വിദ്യാഭ്യാസമില്ലായിരുന്നെങ്കിലും രാഷ്ട്രീ പരിജ്ഞാനം ആവോളം ഉണ്ടായിരുന്നു. പ്രത്യേകിച്ചും ജെല്ലിക്കെട്ട് ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങളുമായി തമിഴ്നാട് കലുഷിതമാകുമ്പോള്‍ സംസ്ഥാനത്തെ നയിക്കാന്‍ ശശികല ഒട്ടും പ്രാപ്തയല്ല. മറ്റൊന്ന്, സംസ്ഥാനത്തെ മദ്യ വില്‍പ്പനയുടെ 70% കയ്യാളുന്ന കമ്പനിയുടെ ഉടമകളില്‍ ഒരാള്‍ കൂടിയാണ് ശശികല. എഐഎഡിഎംകെയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് മദ്യ നിരോധനം. സ്കൂള്‍ – കോളജ് പരിസരങ്ങളില്‍ മദ്യ വില്‍പ്പന നിരോധിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരാളാണോ മുഖ്യമന്ത്രി ആകേണ്ടത്?

? ശശികല മുഖ്യമന്ത്രിയാകും എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രതിഷേധം ഉയരുകയാണല്ലോ..?

? തീര്‍ച്ചയായും. തമിഴ് മക്കള്‍ അത് ആഗ്രഹിക്കുന്നില്ല. തമിഴ്നാടിന്റെ മുന്‍കാല ചരിത്രം തന്നെയാണ് അതിന് കാരണം. ഒരുകാലത്ത് അമ്മയെ തമിഴ്മക്കള്‍ വെറുത്തതും ഇവര്‍ കാരണമാണ്. പോയസ് ഗാര്‍ഡന്‍ ശശികല സ്വകാര്യ സ്വത്താക്കി മാറ്റി. മന്നാര്‍ഗുഡി മാഫിയയെ പുറത്താക്കിയതിന് ശേഷമാണ് ജയലളിതക്ക് നന്നായി ഭരണം നടത്താന്‍ പോലും സാധിച്ചത്. ശശികല ഒപ്പമുള്ളപ്പോഴുള്ള അമ്മയുടെ ഭരണവും ഇല്ലാത്തപ്പോഴുള്ള അമ്മയുടെ ഭരണവും താരതമ്യം ചെയ്താല്‍ മാത്രം മതി അവരെ തമിഴ് മക്കള്‍ വെറുക്കുന്നതിന്റെ കാരണം മനസിലാക്കാന്‍.

? എന്തുകൊണ്ടാണ് പനീര്‍ ശെല്‍വം തമിഴ് മക്കള്‍ക്ക് സ്വീകാര്യനായി മാറുന്നത്?

? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അദ്ദേഹം ഒരു ‘ജെന്റില്‍മാന്‍’ ആണ്. വളരെ സാധാരണക്കാരനായ ഒരു രാഷ്ട്രീയ നേതാവ്. ആര്‍ക്കും ഏതുനിമിഷവും കാണാനുള്ള സ്വാതന്ത്ര്യം. ഈ മൂന്ന് മാസത്തെ പനീര്‍ ശെല്‍വത്തിന്റെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ഞാനൊന്ന് ചുരുക്കി പറയാം. ഒന്ന്, വികാരഭരിതമായ അന്തരീക്ഷത്തില്‍ ജയലളിതയുടെ സംസ്കാര ചടങ്ങുകള്‍ നടത്തേണ്ട ഉത്തരവാദിത്വം അദ്ദേഹം കൃത്യമായി നിറവേറ്റി. തമിഴ്നാടിനെ പിടിച്ചു കുലുക്കിയ ജെല്ലിക്കെട്ട് വിഷയം സംയമനത്തോടെ കൈകാര്യം ചെയ്തു. ജലക്ഷാമം മൂലം സംസ്ഥാനം ബുദ്ധിമുട്ടുന്ന ഈ അവസ്ഥയില്‍ ആന്ധ്രാ മുഖ്യമന്ത്രിയുമായി കരാര്‍ ഒപ്പിട്ട് ജലമെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാക്കി. മറ്റൊന്ന് നാം ചിന്തിക്കേണ്ടത്, ജയലളിത മാറി നിന്നപ്പോഴൊക്കെ അവര്‍ പനീര്‍ ശെല്‍വത്തെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ആദ്യം മുഖ്യമന്ത്രി ആയതിന് ശേഷം 13 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രി ആകുന്നത്. ഈ സമയത്തിനിടക്ക് മറ്റൊരു ‘വിശ്വസ്തന്‍ ‘ അമ്മക്ക് ഉണ്ടായില്ല എന്നതാണ് സത്യം. ഇതുതന്നെയാണ് പനീര്‍ ശെല്‍വത്തിന്റെ ജനകീയതയുടെ അടിസ്ഥാനവും.

?ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന കോണ്‍ഗ്രസ് ആരോപണത്തെ പറ്റി…?

? അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണ്ടേ വലിയ വിരുതാണ്. ഇതും അങ്ങനെയെ കാണുന്നുള്ളു. പക്ഷേ, ഒരു കാര്യം ഞാന്‍ വ്യക്തമായി പറയാം. ദ്രാവിഡ രാഷ്ട്രീയത്തില്‍ ബിജെപിക്ക് വലിയ പ്രാധാന്യമാണ് ഇപ്പോഴുള്ളത്. കാരണം, ഇവിടത്തെ ഇരുമുന്നണികളുടെയും ചില നിലപാടുകള്‍ തമിഴ്നാടിനെ ഒരുപാട് പിറകിലേക്ക് നയിച്ചു. അതിലൊന്നാണ് തമിഴ് ഭാഷാ വാദം. അതിന്റെ പേരില്‍ ഹിന്ദിയും ഇംഗ്ളീഷും അവര്‍ മാറ്റി നിര്‍ത്തി. മിക്ക കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും മറ്റ് സംസ്ഥാനത്ത് ഉള്ളവര്‍ വിജയം വരിച്ചപ്പോള്‍ തമിഴ്നാട് ഏറെ പിന്നോട്ട് പോയി. ദേശീയ കാഴ്ചപ്പാട് ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് തമിഴ്നാടിന്റെ ഇന്നത്തെ ശാപം.

? അയല്‍ സംസ്ഥാനമായ കേരളത്തിലെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

? ഇവിടെ മന്നാര്‍ഗുഡി മാഫിയ ആണെങ്കില്‍ അവിടെ മാര്‍ക്സിസ്റ്റ് മാഫിയ ആണെന്ന വ്യത്യാസം മാത്രം. കേരളത്തിലെ മിക്ക ഇടങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘പാര്‍ട്ടി ഗ്രാമങ്ങള്‍ ‘ ഉണ്ടെങ്കില്‍ ഇവിടെ ‘മന്നാര്‍ഗുഡി ഗ്രാമങ്ങള്‍’ ഉണ്ട്. അതുകൊണ്ട് തന്നെ ശശികല ഭരണത്തിലെത്തിയാല്‍ ഇന്ന് നിങ്ങള്‍ അനുഭവിക്കുന്നതു പോലെ പല ദുരന്തങ്ങളും ഇവിടെയും അരങ്ങേറും. രാജ്യത്തിന് തന്നെ അപമാനമാവുകയാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തെന്ന് അഭിമാനിക്കുന്ന നിങ്ങളുടെ സംസ്ഥാനത്താണ് ഇതൊക്കെ നടക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ അതിശയം തോന്നുകയാണ്.

ഏതായാലും സ്വന്തം പ്രശ്നങ്ങള്‍ക്ക് മലയാളികള്‍ തല്‍ക്കാലത്തേങ്കിലും അവധി നല്‍കുകയാണ്. ലോ അക്കാദമി വിഷയത്തിനും കൊലപാതക രാഷ്ട്രീയത്തിനുമൊക്കെ തല്ക്കാലം വിട. നമുക്ക് താല്‍പര്യം തമിഴ്നാട്ടില്‍ ശശികല അധികാരത്തിലെത്തുമോ അതോ പനീര്‍ ശെല്‍വം തുടരുമോ എന്നതിലാണ്. കാത്തിരുന്ന് കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button