KeralaNews

ലോ അക്കാദമി സമരം: സി.പി.ഐ പിന്‍മാറുന്നു; കഴിഞ്ഞ രാത്രി തലസ്ഥാനത്ത് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടന്നത് തിരക്കിട്ട ചര്‍ച്ചകള്‍

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍നിന്നും സി.പി.ഐ പിന്‍മാറുന്നു. ഇതുസംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ദിവസം അരങ്ങേറിയ ആത്മഹത്യാഭീഷണി പ്രതിഷേധത്തോടെ സമരത്തിന്റെ മുഖം മാറുന്നു എന്നു സൂചന ലഭിച്ചതോടെയാണിത്. ബി.ജെ.പി സമരത്തിലൂടെ നേടിയെടുത്ത അപ്രമാദിത്വം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കുമെന്നു സി.പി.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. സര്‍ക്കാരിന്റെ രാജിയിലേക്കുവരെ കലാശിക്കുന്ന കാര്യത്തില്‍ സംഭവങ്ങള്‍ കൊണ്ടെത്തിച്ചേക്കാമെന്നും ഇടതുമുന്നണി മനസിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിവരെ സി.പി.എം പാര്‍ട്ടി ആസ്ഥാനത്ത് സി.പി.ഐ നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവെന്നാണ് ലഭിക്കുന്ന വിവരം. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ നേരിട്ടെത്തിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഫോണിലൂടെയും സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ടാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ ലോ അക്കാദമിക്കുവേണ്ടി പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ചുകൊണ്ട് പത്രപരസ്യം നല്‍കാന്‍ സി.പി.എം നേതൃത്വം ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരോട് ആവശ്യപ്പെട്ടിരുന്നു.

സി.പി.എം സി.പി.ഐ ചര്‍ച്ചയെ തുടര്‍ന്നാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വിദ്യാര്‍ഥി പ്രതിനിധികളോട് ചര്‍ച്ച നടത്തിയത്. സമരം ശുഭകരമായി അവസാനിക്കുമെന്ന്  മന്ത്രി പ്രതികരിച്ചിരുന്നു. അതേസമയം പുതിയ പ്രിന്‍സിപ്പല്‍ വരുമെന്ന് ഉറപ്പുലഭിക്കുകയും പുതിയ പ്രിന്‍സിപ്പലിന്റെ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ സമരം അവസാനിപ്പിക്കാമെന്ന് എ.ഐ.എസ്.എഫ് വ്യക്തമാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാനുള്ള സാഹചര്യമാണു നിലവിലുള്ളതെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചത് കഴിഞ്ഞ രാത്രി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button