
സാൻഫ്രാൻസിസ്കോ: ഉപ്പുവെള്ളം എളുപ്പത്തിൽ കുടിവെള്ളമാക്കി മാറ്റാമെന്ന വിദ്യാർഥിയുടെ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നു. ഈ കണ്ടുപിടിത്തത്തിൽ യുഎസിലെ പ്രശസ്തമായ സർവകലാശാലകൾ, പ്രമുഖ സാങ്കേതിക സ്ഥാപനങ്ങൾ എന്നിവ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പോർട് ലാൻഡിലെ ഓറിഗനിൽ ജെസ്യൂട്ട് ഹൈസ്കൂൾ വിദ്യാർഥിയും ഇന്ത്യൻ വംശജനുമായ ചൈതന്യ കരംചെദുവാണ് ക്ലാസ് മുറിയിലെ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഉപ്പുവെള്ളം കുടിവെള്ളമാക്കി മാറ്റിയത്. ശുദ്ധജലക്ഷാമം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും അതിനാലാണ് ഇതു പഠനവിധേയമാക്കിയതെന്നു ചൈതന്യ പറഞ്ഞു.
ഭൂമിയുടെ 70% വരുന്ന സമുദ്രത്തിൽ നിറയെ ജലമുണ്ട്. പക്ഷേ അത് ഉപ്പുവെള്ളമാണ്. ശാസ്ത്രജ്‍ഞന്മാർ വർഷങ്ങളായി ശ്രമിച്ചിരുന്നെങ്കിലും ഇതിലെ ലവണാംശം മാറ്റുവാൻ ചെലവുകുറഞ്ഞ മാർഗം കണ്ടെത്താൻ കഴിഞ്ഞില്ല. ഉപ്പുവെള്ളത്തിൽനിന്നു ശുദ്ധജലത്തെ വേർതിരിച്ചെടുക്കാനാണു ശാസ്ത്രലോകം ഇതുവരെ ശ്രമിച്ചിരുന്നത്. എന്നാൽ, ശാസ്ത്രലോകത്തിന്റെ ശ്രമഫലങ്ങൾക്ക് വ്യത്യസ്തമായി ഉപ്പുവെള്ളത്തിൽനിന്നു 10 ശതമാനം മാത്രം വരുന്ന ഉപ്പിനെ ഒരു പോളിമർ ഉപയോഗിച്ചു വേർതിരിക്കുകയാണു ചൈതന്യ ചെയ്തതെന്നു ബയോളജി അധ്യാപിക ഡോ. ലാറ പറഞ്ഞു.
ഇന്റൽ രാജ്യാന്തര ശാസ്ത്രമേളയിൽ ചൈതന്യ 10,000 ഡോളറിന്റെ സമ്മാനം കരസ്ഥമാക്കി. ഗവേഷണം തുടരാൻ എം.ഐ.ടിയുടെ ടെക്കോൺ കോൺഫറൻസിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രശസ്തമായ സയൻസ് ടാലന്റ് സർച്ചിൽ ചൈതന്യ സെമിഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്..
Post Your Comments