എഡിറ്റോറിയല്‍
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നം കൃത്യമായി ലോകത്തെ അറിയിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മാധ്യമമാണ് ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി. ലോ അക്കാദമി സമരം ആരംഭിച്ച നാള്‍ മുതല്‍ അതുമായി ബന്ധപ്പെട്ട ഓരോ സംഭവ വികാസങ്ങളും സത്യസന്ധമായി വായനക്കാരില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തമാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലി ഏറ്റെടുത്തിരിക്കുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നടപടി എടുക്കേണ്ടവര്‍ നീതിക്ക് ഒപ്പം നില്‍ക്കണമെന്നുമാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ പ്രത്യക്ഷ നിലപാട്. നിലവിലെ സാഹചര്യത്തില്‍ ലോ അക്കാദമിക്ക് മുന്നില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
അതോടൊപ്പം സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ പന്ത്രണ്ട് ഏക്കര്‍ ഭൂമി ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരും കുടുംബവും അടങ്ങുന്ന മാനേജ്‌മെന്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കൂടാതെ സെക്രട്ടേറിയറ്റിന് സമീപം ലോ അക്കാദമിയുടെ റിസര്‍ച്ച് സെന്ററിന് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമി ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന ഫ്‌ളാറ്റ് നിര്‍മാണ കമ്പനിക്ക് കൈമാറുകയും അതില്‍ ലോ അക്കാദമി മാനേജ്‌മെന്റിലെ ചില പ്രമുഖര്‍ ബിസിനസ് പങ്കാളി ആകുകയും ചെയ്തിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലോ അക്കാദമി മാനേജ്‌മെന്റിന്റെ അനധികൃത ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ട് റവന്യൂമന്ത്രിയുടെ നിര്‍ദേശ പ്രകാരം റവന്യൂ സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലോ അക്കാദമിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ ഡോ.ലക്ഷ്മിനായര്‍ക്കെതിരെയും ലോ അക്കാദമി മാനേജ്‌മെന്റിനെതിരെയും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുയര്‍ന്ന ആരോപണങ്ങളും പ്രതികരണങ്ങളും ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം എന്ന നിലയില്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ മാന്യതകളും സംരക്ഷിച്ചുകൊണ്ടാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലി പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ലക്ഷ്മി നായര്‍ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഈസ്റ്റ് കോസ്റ്റ് ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് ലോ അക്കാദമിയുടെ ഒരു പ്രതിനിധി അങ്ങേയറ്റം മോശമായ ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ലക്ഷ്മിനായര്‍ക്കെതിരേ വാര്‍ത്ത എഴുതുന്നത് അവസാനിപ്പിക്കണമെന്നും ലക്ഷ്മിനായര്‍ക്കെതിരായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന കമന്റുകള്‍ ഞങ്ങള്‍ വായനക്കാരെക്കൊണ്ട് ബോധപൂര്‍വം എഴുതിക്കുന്നതാണ് എന്നൊക്കെ പറഞ്ഞായിരുന്നു ആ മാന്യദേഹത്തിന്റെ പ്രതികരണം.
ലക്ഷക്കണക്കിനു ഫോളോവേഴ്‌സും വായനക്കാരുമുള്ള ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റെഴുതുന്നതും പ്രതികരിക്കുന്നതും ലോകത്ത് പലഭാഗത്തുള്ള മലയാളി വായനക്കാരുടെ സമൂഹമാണ്. അവരെ ആരും തന്നെ ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി എഡിറ്റോറിയല്‍ ടീമിന് വ്യക്തിപരമായി അറിയില്ല. ഈസ്റ്റ് കോസ്റ്റ് ഡെയിലിക്ക് എന്നല്ല, മറ്റേതൊരു മാധ്യമത്തിന്റെയും ഫേസ്ബുക്ക് പേജിന്റെ അവസ്ഥ സമാനമാണ്. കമന്റ് ബോക്‌സില്‍ വായനക്കാര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നുണ്ടാവും. അതില്‍നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ഫേസ്ബുക്ക് പേജ് അഡ്മിനോ ബന്ധപ്പെട്ട മാധ്യമസ്ഥാപന മാനേജ്‌മെന്റുകള്‍ക്കോ ഫേസ്ബുക്ക് സ്ഥാപകനായ സാക്ഷാല്‍ സുക്കര്‍ബര്‍ഗിനോ പോലും കഴിയില്ല. വസ്തുത ഇതായിരിക്കേയാണ് യുക്തിരഹിതവുമായ ആരോപണവും അസഭ്യവാക്കുകളുമായി ലോ അക്കാദമി പ്രതിനിധി എത്തിയത് എന്നതും ശ്രദ്ധേയം. ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ ഫേസ്ബുക്ക് പേജില്‍ ചില വാര്‍ത്തകള്‍ക്കു താഴെ മാനേജിങ് ഡയറക്ടര്‍ ശ്രീ.ഈസ്റ്റ് കോസ്റ്റ് വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ചുപോലും നിരവധി കമന്റുകള്‍ വരുന്നുണ്ട്.
അത് നിയന്ത്രിക്കാന്‍ കഴിയാത്തത് ഫേസ്ബുക്കിന്റെ പരിമിതി തന്നെയാണ്. എന്നിട്ടുപോലും അനാവശ്യവും വ്യക്തിഹത്യ നടത്തുന്നതുമായ പ്രവണതകളെ അവഗണിക്കുകയാണ് പതിവ്. ജാതി മത രാഷ്ട്രീയത്തിനും വ്യക്തിതാല്‍പര്യങ്ങള്‍ക്കും അതീതമായ എഡിറ്റോറിയല്‍ നയമാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലി പിന്തുടരുന്നത്. സത്യസന്ധവും വസ്തുനിഷ്ഠവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഓരോ വാര്‍ത്തകളും പ്രസിദ്ധീകരിക്കപ്പെടുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ പിഴവുകളുണ്ടായാല്‍ തിരുത്താനും ഒരുക്കമാണ്. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ സ്വയം കണ്ണടച്ചു ഇരുട്ടാക്കുന്ന ചിലര്‍ നടത്തുന്ന ഭീഷണികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക എന്ന പൊതുമാധ്യമ നിലപാടിനോടൊപ്പമാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലിയും. ലോ അക്കാദമി വിഷയത്തില്‍ അവസാനമായി ഒരു കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കാന്‍ ഈസ്റ്റ് കോസ്റ്റ് ഡെയിലി ആഗ്രഹിക്കുന്നു.
നീതിയുടെ കാവലാളും നീതിയുടെ വക്താവുമാകാന്‍ വേണ്ടി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റെ വഴിവിട്ട നീക്കത്തിനെതിരേ, നീതി നടപ്പാകുന്നതുവരെ ഞങ്ങള്‍ വാര്‍ത്തകളിലൂടെയും ലേഖനങ്ങളിലൂടെയും പ്രതികരിച്ചുകൊണ്ടിരിക്കും. ഈ വിഷയത്തില്‍ രാഷ്ട്രീയ ഭേദമന്യേ, സമരം ചെയ്യുന്നവര്‍ക്കൊപ്പമാണ് ഞങ്ങളും നിലകൊള്ളുന്നത്. തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഓരോ ആരോപണങ്ങളും ലോ അക്കാദമി മാനേജ്‌മെന്റ് തെറ്റാണെന്നു പൊതുസമൂഹത്തിനു മുന്നില്‍ തെളിയിക്കുന്നതുവരെ ആ പിന്തുണ തുടര്‍ന്നുകൊണ്ടേയിരിക്കും.
Post Your Comments