ജയ്‌പൂർ :പനി ബാധിച്ച് ആശുപത്രിയിലെത്തിയ രോഗിക്ക് എയ്‌ഡ്‌സിനുള്ള ചികിത്സ നൽകിയ ഡോക്ടർക്ക് 5 ലക്ഷം രൂപ പിഴ. രാജസ്ഥാൻ സംസ്ഥാന ഉപഭോക്തൃ ഫോറത്തിന്റേതാണു വിധി. ഡോ. ഡി.സി. കുമാവത്തിനും ചികിത്സയ്ക്ക് ഇൻഷുറൻസ് നൽകിയ പൊതുമേഖലാ കമ്പനിക്കുമാണ് പിഴ വിധിച്ചിരിക്കുന്നത്.
2004ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വിട്ടുമാറാത്ത ചുമയും പനിയും ബാധിച്ചതിനെ തുടർന്നാണ് ധൻരാജ് പട്ടേൽ എന്ന വ്യക്തി രാജസ്ഥാനിലെ ഉദയ്പുരിലുള്ള എംബി സർക്കാർ ആശുപത്രിയിലെത്തുന്നത്. എന്നാൽ ഇദ്ദേഹം എച്ച്ഐവി പോസിറ്റീവ് ആണെന്നായിരുന്നു ഡോ. കുമാവത്തിന്റെ കണ്ടെത്തൽ. വിശദമായ പരിശോധനകളോ ടെസ്റ്റുകളോ നടത്താതെ കുമാവത്ത് എയിഡ്സിനുള്ള ചികിത്സയും നൽകിത്തുടങ്ങി. പിന്നീട്, മുംബൈയിലെ ഒരു ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയപ്പോൾ ധൻരാജിന് എയിഡ്സ് ഇല്ലെന്നു വ്യക്തമായി. ഈ റിപ്പോർട്ടുമായി കുമാവത്തിനെ കണ്ടെങ്കിലും എയ്‌ഡ്‌സിന്റെ ചികിത്സ തുടരാൻ ആവശ്യപ്പെട്ടു. ഇൻഷുറൻസ് കമ്പനിയും സമാന പ്രതികരണം ആണ് അറിയിച്ചത്. പിന്നീട് ചികിത്സ ഏതാണ്ട് ഏഴു വർഷത്തോളം നീണ്ടു. മുംബൈയിൽ നിന്നുള്ള ഡോക്ടർമാർ വീണ്ടും ഇക്കാര്യത്തിൽ ഇടപെട്ടതോടെയാണ് ഡോ. കുമാവത്ത് ചികിത്സ അവസാനിപ്പിച്ചത്.
പിന്നീട് 2013ൽ ധൻരാജ് രാജസ്ഥാനിലെ ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകി. എയിഡ്സ് രോഗിയാണെന്ന് പറഞ്ഞ് ആളുകൾ അകന്നുപോയെന്നും വീര്യം കൂടിയ മരുന്നുകളുടെ സ്ഥിരമായ ഉപയോഗം തന്റെ ആരോഗ്യവും ജീവിതവും നശിപ്പിച്ചുവെന്നും ധൻരാജ് പറയുന്നു. തുടർന്ന് സംസ്ഥാന ഉപഭോക്തൃ ഫോറം നടത്തിയ അന്വേഷണത്തിൽ ഡോക്ടർക്ക് പിഴ ഇടുകയായിരുന്നു.
Post Your Comments