കെ.വി.എസ് ഹരിദാസ്
ഒരു കോളേജിന് കൊടുത്ത സർക്കാർ ഭൂമിയും ഏറ്റെടുക്കാൻ സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ തയ്യാറാവില്ല, തീർച്ച. തിരുവനന്തപുരത്തെ ലോ അക്കാദമി വിഷയത്തിൽ ഭൂമി ഏറ്റെടുക്കണം എന്ന ആവശ്യം ആദ്യമേ നിരാകരിക്കാൻ സിപിഎം തയ്യാറായത് അതുണ്ടാക്കിയേക്കാവുന്ന ഗുരുതരമായ പ്രശ്നം കണക്കിലെടുത്തുതന്നെ. വിഎസ് അച്യുതാനന്ദനും സിപിഐയും സംസ്ഥാന റെവന്യൂ മന്ത്രിയും പിന്നെ ബിജെപിയും സ്ഥലം വിഷയമാക്കിയത് ചെറിയ പ്രശ്നമല്ല. അതിൽനിന്നു തലയൂരാൻ മുഖ്യമന്ത്രിക്ക് എളുപ്പമാവില്ല. സർക്കാർ അതുകൊണ്ടുതന്നെ അതിനെ വലിയ ആശങ്കയോടെയാണ് കാണുന്നത് എന്നുവേണം കരുതാൻ. പിന്നെ ഇന്ന് ലോ അക്കാദമി പ്രശ്നത്തിൽ സ്ഥലം ഏറ്റെടുക്കണം എന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് അതിൽ ഉറച്ചുനിൽക്കാനുള്ള സാധ്യത കുറവാണുതാനും. അവർക്കുമേൽ അതിനേക്കാൾ വലിയ പ്രശ്നങ്ങൾ ഉയർന്നുവരാനുള്ള സാധ്യത കാണാതെ പൊയ്ക്കൂടാ.
കേരളം ലോ അക്കാദമി പ്രശ്നത്തിൽ ഇന്നിപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് രസകരമായിട്ടാണ് തോന്നിയത് . സിപിഐക്കാരനായ റെവന്യൂ മന്ത്രി പറഞ്ഞതിന് നേരെ വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ലോ അക്കാദമി സർക്കാർ ഏറ്റെടുക്കുന്ന പ്രശ്നമില്ല ; അതിന്റെ പക്കൽ കൂടുതലായുള്ള സ്ഥലം ഏറ്റെടുക്കുന്നത് പരിഗണയിലില്ല; പിണറായി വിജയന്റെ നിലപാടുകൾ വ്യക്തം. വിഎസ് ആണ് കൂടുതലുള്ള സ്ഥലം ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടത് എന്നതും ഓർക്കുക.
ഇനി സ്ഥലം ആണ് ഇന്നത്തെ ഒരു പ്രധാന പ്രശ്നം എന്നത് മറന്നുകൂടാ. അതിൽ പിണറായി പറയുന്നതേ നടക്കൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏതോ ഒരു പിള്ള എന്നൊക്കെ സാക്ഷാൽ നടരാജ പിള്ളയെ വിശേഷിപ്പിച്ച പിണറായി അക്ഷരാർഥത്തിൽ ചെയ്തത് മര്യാദയായില്ല. ഇക്കാര്യത്തിൽ സിപിഐ മന്ത്രിക്ക് സ്വന്തം നിലപാടുണ്ടാവാം. വിഎസിന് എന്തും പറയാനുള്ള അവകാശവുമുണ്ടാവാം. എന്നാൽ ഒരിക്കൽ സ്വകാര്യ കോളേജിന് നൽകിയ സ്ഥലം തിരിച്ചെടുക്കേണ്ട അവസ്ഥവന്നാൽ അത് പേരൂർക്കടയിലൊന്നും നില്ക്കാൻ പോകുന്നില്ല എന്നത് പിണറായി മനസിലാക്കിയിരിക്കണം. അത് ഒരു പക്ഷെ സിപിഐ ഓർക്കുന്നില്ലായിരിക്കും. ഒരു കോളേജ് നടത്താൻ സർവകലാശാലയുടെയും യുജിസിയുടെയും മറ്റും വ്യവസ്ഥകൾ പ്രകാരം എത്ര സ്ഥലം വേണോ അതിലധികമുള്ളത് ( സർക്കാർ സൗജന്യമായോ വിലകുറച്ചോ നൽകിയിട്ടുള്ളത്) തിരിച്ചെടുക്കണം എന്നത് പൊതുനിലപാടായി സ്വീകരിക്കാൻ ഇന്നിപ്പോൾ സമര രംഗത്തുള്ള കോൺഗ്രസും തയ്യാറാവാനിടയില്ല. യഥാർഥത്തിൽ കൂടുതലുള്ള സ്ഥലം ഏറ്റെടുക്കാൻ തുടങ്ങിയാൽ അതിവിടെ മറ്റൊരു വിമോചന സമരത്തിലേക്ക് നീങ്ങിക്കൂടായ്‌കയില്ല. കാരണം അങ്ങിനെ ഏറ്റെടുക്കേണ്ടിവന്നാൽ ഏറ്റവുമധികം ഭൂമി കൈവശമുള്ളത് ക്രൈസ്തവ മാനേജ്മെന്റുകൾ ആയിരിക്കുമെന്നത് ആർക്കാണ് അറിയാത്തത് . ഇന്നിപ്പോൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്ന ഒട്ടനവധി കോളേജുകളുടെയും ഭൂമി സർക്കാർ പതിച്ചു നല്കിയതോ പാട്ടത്തിനു നല്കിയതോ ആണ്. അതൊക്കെ വേണ്ടതിലധികമാണ് എന്നതും സംശയമില്ല.
കുമ്മനവും ബിജെപി നേതാക്കളും ഇന്ന് ഗവർണറെ കണ്ടതായി കണ്ടു. ലോ അക്കാദമി വിഷയം തന്നെയാണ് കാര്യം. യഥാർഥത്തിൽ ലോ അക്കാദമി വെബ് സൈറ്റ് പ്രകാരം ഗവർണർക്കുകൂടി ഭരണപങ്കാളിത്തമുള്ളതാണ് .ഗവർണർ മാത്രമല്ല, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, റെവന്യൂ മന്ത്രി, വൈസ് ചാന്സലർ എന്നിവരെല്ലാം അതിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടു ഗവർണർക്കു വേണമെങ്കിൽ ഇതിൽ നേരിട്ട് ഇടപെടാൻ കഴിയും, കഴിയണം. മറ്റൊന്ന് , ഇതിനൊപ്പം ലോ അക്കാദമി അധിക ഭൂമി പ്രശ്നവും ബിജെപി പ്രാധാന്യത്തോടെ ഏറ്റെടുക്കണം. ഇന്നത്തെ നിലക്ക് വിഎസും സിപിഐയും അവരുടെ റെവന്യൂ മന്ത്രിയും ഭൂമി ഏറ്റെടുക്കണം എന്ന് പറയുമ്പോൾ ബിജെപിക്ക് അതുമായി മുന്നോട്ട് പോകാൻ എളുപ്പമാവും. ബിജെപിയുടെ ഇക്കാര്യത്തിലെ നിലപാടുകൾക്ക് അംഗീകാരം കൂടുകയും ചെയ്യും.
ഇവിടെ മറ്റൊന്നുകൂടി കാണേണ്ടതുണ്ട്. അത്, കോൺഗ്രസിന്റെ മുന്നിലുള്ള പ്രതിസന്ധിയാണ്. ഇന്നിപ്പോൾ ലോ അക്കാദമി വിഷയത്തിൽ അധിക സ്ഥലം ഏറ്റെടുക്കണം എന്ന് വിഎം സുധീരൻ അടക്കമുള്ളവർ പറയുന്നുണ്ട്. മറ്റ് കോളേജുകളുടെ പ്രശ്നം ഉയർന്നുവരുമ്പോൾ സുധീരന്മാർ ഒളിച്ചോടുന്നത് കാണാൻ കഴിയും. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ അതിലൂടെ ബിജെപിക്ക് കഴിയും. സിപിഐക്കും ഇക്കാര്യത്തിൽ വളരെയേറെ ഒന്നും മുന്നോട്ടുപോകാൻ കഴിയും എന്ന് തോന്നുന്നില്ല.
2013 -14 കാലത്ത് യുഡിഎഫ് സർക്കാർ കുറെ കോളേജുകൾക്ക് പാട്ടഭൂമി പതിച്ചുനൽകിയത് ഓർമ്മിക്കുക. തൃശൂരിലെ സെന്റ് തോമസ് കോളേജ് അതിൽപെടും . വയനാട് ജില്ലയിലെ ഒരു ക്രൈസ്തവ മാനേജ്‌മന്റ് കോളേജിനും അതുപോലെ ഏക്കർ കാണക്കിനു ഭൂമി നൽകി. അതിനെതിരെ സിപിഐയോ സിപിഎമ്മോ ഒരു അക്ഷരം പോലും ഉരിയാടിയില്ല. ബിഷപ്പുമാർ പറഞ്ഞത് അതേപടി അംഗീകരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായപ്പോൾ മറ്റുള്ളവർ അതൊക്കെ കാണാതെ നടന്നു. ഇവരുടെയൊക്കെ പക്കൽ ഇന്നിപ്പോൾ അധിക ഭൂമിയുണ്ട് എന്നത് മറക്കരുത്. സെന്റ് തോമസ് കോളേജിന് 17. 21 ഏക്കർ പുറമ്പോക്ക് ഭൂമിയും 1. 19 ഏക്കർ പാട്ടഭൂമിയുമാണ് നൽകിയത്. അതിലെ അഴിമതി ചൂണ്ടിക്കാട്ടി ഒരു ഹർജി 2014 -ൽ തൃശൂർ വിജിലൻസ് കോടതിയിലെത്തിയതാണ്. ( അതിന്റെ ഇന്നത്തെ അവസ്ഥ അറിയില്ല). അധിക ഭൂമി എന്നത് അന്ന് ഉയർന്നുവന്നിരിക്കാനിടയില്ല. എന്നാൽ അതുകൂടി ഇനി ഉയർത്താനാവും. അതൊക്കെ സർക്കാരിനും സ്വകാര്യ മാനേജ്മെന്റുകൾക്കും എളുപ്പം കൈകാര്യം ചെയ്യാനാവുന്ന പ്രശ്നമാവില്ല. അതുകൊണ്ട് , എനിക്കുതോന്നുന്നത് , ബിജെപി ഇനിയിപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടത് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും കയ്യിലുള്ള അധിക ഭൂമി കണ്ടെത്തി തിരികെ പിടിക്കണം എന്ന ആവശ്യമാവണം. സ്ഥലം ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ കഠിനമായി നിലനിൽക്കുന്ന കേരളത്തിൽ അത് ന്യായീകരിക്കത്തക്കതുമാണ്. ബിജെപി നേതൃത്വം അതൊക്കെ പരിഗണിച്ചിട്ടുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിൽ ഒന്ന് പരിശോധിക്കാൻ ശ്രമിക്കാവുന്നതാണ്. എന്തായാലും ആർ എസ് എസോ ബിജെപിയെ സർക്കാർ ഭൂമി കയ്യേറിയെന്ന ആക്ഷേപം ഭയക്കേണ്ടതില്ലല്ലോ.
Post Your Comments