KeralaNews

സഹകരണ ബാങ്ക് നിക്ഷേപം: ആദായ നികുതിവകുപ്പ് അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ബാങ്കുകളിലെ പാൻ ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ചാണ് ആദായ നികുതി വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളിലാണ് അന്വേഷണം ആരംഭിച്ചത്. ഉടൻ തന്നെ ഇത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്കും തുടർന്നു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ.

സഹകരണ ബാങ്കുകളിലെ നിക്ഷേപകരിൽ പലർക്കും പല പേരുകളിൽ അക്കൗണ്ടുകളുണ്ട്. അതിനാൽ വീട്ടുപേരുകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. പത്തു ലക്ഷം രൂപയിലധികമുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നുണ്ട്. 25 ലക്ഷം രൂപയിലധികം നിക്ഷേപമുള്ളവരിൽ നിന്നു നേരിട്ടു വിശദീകരണം തേടാനും ആരംഭിച്ചു. സഹകരണ ബാങ്കുകളിൽ നിന്നു ലഭിക്കുന്ന മൊത്ത നിക്ഷേപക്കണക്കും വ്യക്തിഗത നിക്ഷേപക്കണക്കും ഒത്തു നോക്കി നിക്ഷേപങ്ങൾ മറച്ചു വയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ട്.

പ്രാഥമിക നിഗമനം അനുസരിച്ച് സഹകരണ ബാങ്കുകളിൽ പത്തു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളിൽ 60% റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കള്ളപ്പണമായി ലഭിച്ച തുകയും 40% പെൻഷൻ ആനുകൂല്യങ്ങളുമാണ്. മാത്രമല്ല നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശയ്ക്ക് 95 % നിക്ഷേപകരും നികുതി അടയ്ക്കുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

കേരളത്തിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ചു പാൻ അടിസ്ഥാനമാക്കിയുള്ള പരിശോധനയും ഊർജിതമായിട്ടുണ്ട്. പാൻ മുഖേന ഓൺലൈനിൽ ലഭിക്കുന്ന നിക്ഷേപ വിവരങ്ങളെക്കുറിച്ചുള്ള ഡിജിറ്റൽ വിശകലനം ആദായ നികുതി ഉദ്യോഗസ്ഥർക്കു ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button