തിരുവനന്തപുരം: മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ലോ അക്കാദമി സമരം പിന്‍വലിച്ച എസ്.എഫ്.ഐയുടെ നിലപാട് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. ഡോ.ലക്ഷ്മിനായരെ കുറഞ്ഞത് അഞ്ചുവര്‍ഷത്തേക്കെങ്കിലും പ്രിന്‍സിപ്പല്‍ പദവിയില്‍നിന്നും മാറ്റിനിര്‍ത്താമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചുവെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞത്. ഇതുപ്രകാരം മാനേജ്‌മെന്റ് അംഗീകരിച്ച തീരുമാനങ്ങള്‍ എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ തീരുമാനങ്ങള്‍ വ്യക്തമാക്കി ലോ അക്കാദമി മാനേജ്‌മെന്റ് ലോ അക്കാദമിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ പുറത്തിറക്കിയ മറ്റൊരു തീരുമാന കുറിപ്പില്‍ ഡോ.ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞുവെന്നും വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയിട്ടുണ്ടെന്നും കോളേജ് ഫെബ്രുവരി ഒന്നിന് തുറക്കമെന്നും വ്യക്തമാക്കി ലോ അക്കാദമി മാനേജ്‌മെന്റ് ഭാരവാഹികളായ ഡോ.എന്‍ നാരായണന്‍ നായര്‍, അഡ്വ.കെ അയ്യപ്പന്‍പിള്ള, അഡ്വ.ടി.കെ ശ്രീനാരായണദാസ്, അഡ്വ.നാഗരാജ് നാരായണന്‍ എന്നിവരാണ് ആ കുറിപ്പില്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ താന്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞുവെന്ന് സമ്മതിച്ചുകൊണ്ട് മാനേജ്‌മെന്റിന്റെ കൂടി ഭാഗമായ ലക്ഷ്മിനായര്‍ ആ കടലാസില്‍ ഒപ്പിട്ടിട്ടില്ല.
ധാരണാപത്രത്തില്‍ പ്രിന്‍സിപ്പല്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ അതിനു ഒരു വെള്ളക്കടലാസിന്റെ വില മാത്രമേ ഉള്ളൂ എന്നാണ് ആക്ഷേപം. ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും സി.പി.ഐ നേതാവുമായ ആര്‍.ലതാദേവിയും വിദ്യാര്‍ഥി പ്രതിനിധികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം ഉയര്‍ന്നതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന് ഉത്തരം മുട്ടിയിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്നെ പദവിയില്‍നിന്നും മാറ്റിയതെന്ന വാദം ഭാവിയില്‍ കോടതിയില്‍ ഉയര്‍ത്താനും ഇതുവഴി ലക്ഷ്മി നായര്‍ക്ക് സാധിച്ചേക്കും. അതേസമയം തീരുമാനമടങ്ങിയ കുറിപ്പില്‍ ലക്ഷ്മിനായര്‍ ഒപ്പിടേണ്ടെന്നു സി.പി.എം നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നതായും സൂചനയുണ്ട്.
Post Your Comments