News

സി.പി.എമ്മിനെ നേരിടാന്‍ ബി.ജെ.പിയിലെ സ്ത്രീകള്‍ തന്നെ ധാരാളമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിക്ക് സമീപം ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ സി.പി.എം പ്രവര്‍ത്തകര്‍ ഒളിച്ചിരുന്നു കല്ലെറിഞ്ഞതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസിനെതിരെ പ്രകോപിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. അതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ഒളിച്ചിരുന്നു പൊലീസിനുനേരെയും കല്ലെറിഞ്ഞതായും ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതേസമയം ബിജെപി നടത്തിയ സമാധാനപരമായ പ്രകടനത്തിന് നേരെ ഒളിച്ചിരുന്ന് കല്ലെറിഞ്ഞ സിപിഎമ്മിന്റെ പ്രവര്‍ത്തി ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് പറഞ്ഞു. മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്.
ക്രമസമാധാനം പരിപാലിക്കേണ്ട പോലീസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി. അതിന്റെ തെളിവായിരുന്നു ഇന്നലത്തെ പോലീസ് നരനായാട്ട്. ഇനി ക്ഷമയെ പരീക്ഷിക്കരുതെന്നും സിപിഎമ്മിനെ നേരിടാന്‍ ബി.ജെ.പിയിലെ സ്ത്രീകള്‍ തന്നെ ധാരാളമാണെന്നും രേണു സുരേഷ് പറഞ്ഞു. വി. മുരളീധരന്റെ നിരാഹാര സമരം സിപിഎമ്മിനെ അസ്വസ്ഥമാക്കുകയാണ്. ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ നീതി പാലിക്കുന്നതുവരെ ബിജെപി സമരരംഗത്ത് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ രാവിലെ ആശുപത്രിയില്‍ എത്തി രേണു സുരേഷ് സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button