മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തയായ സ്ത്രീ ശബ്ദമായി മാറുകയാണ് ബിജെപി യുടെ വനിതാ നേതാവ് രേണു സുരേഷ്. മഹിളാ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷയായി ചുമതലയേറ്റതിനു ശേഷം അവര്‍ നേതൃത്വം നല്‍കിയ സമരപരിപാടികള്‍ നിരവധിയാണ്. ശോഭ സുരേന്ദ്രനു ശേഷം അണികളെ ഇത്രത്തോളം ആകര്‍ഷിച്ച മറ്റൊരു വനിതാ നേതാവും ആ പാര്‍ട്ടിയില്‍ ഇല്ല. ലാളിത്യം മുഖ മുദ്രമാക്കിയ രേണു സുരേഷ് ഒരു മികച്ച വാഗ്മി കൂടിയാണ്. ഏറ്റെടുക്കുന്ന സമരപരിപാടികളെ വിജയപഥത്തിലെത്തിക്കുന്നതിലും ഒരു ‘രേണു ടച്ച് ‘ സൃഷ്ടിച്ചെടുക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. മികച്ച സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകക്കുള്ള അയ്യങ്കാളി പുരസ്കാരവും ഇതിനോടകം അവരെ തേടിയെത്തി. രേണു സുരേഷുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
? വ്യത്യസ്ഥമായ സമരമാണല്ലോ മഹിളാ മോര്‍ച്ച സംഘടിപ്പിക്കുന്നത്…?
? ”കേന്ദ്രം നല്‍കിയ അരി തരൂ” എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഞങ്ങള്‍ സമരം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 18 ന് എല്ലാ നിയോജക മണ്ഡലങ്ങളിലും മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പട്ടിണി സമരം നടത്തും. ദരിദ്രരെ പറ്റി ചിന്തിക്കാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് ഇവിടെ ഒന്നരക്കോടിയിലധികം ബിപിഎല്‍ കാര്‍ഡുടമകള്‍ ഉണ്ടെന്ന് അവര്‍ പറയുന്നു. ഇവരുടെ അലംഭാവം ഒന്നു കൊണ്ട് മാത്രമാണ് ഇവിടെ റേഷന്‍ അരി കിട്ടാത്തത്. കേന്ദ്രം നല്‍കിയ അരി എവിടെ പോയി? സംസ്ഥാന സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാകൂ.
? സംസ്ഥാന സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?
? സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു സര്‍ക്കാരാണിത്. നല്ലതെന്ന് ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാത്ത ഭരണം ! സംസ്ഥാനത്തെ ക്രമസമാധാനം പോലും താറുമാറായി. അതിന്റെ തെളിവാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തിലുടനീളം നടക്കുന്ന അക്രമങ്ങളും. മനുഷ്യനെ ചുട്ടു കൊല്ലുകയാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് പോലും അക്രമികളില്‍ നിന്ന് രക്ഷയില്ലാതായിരിക്കുന്നു. തീപ്പൊള്ളലേറ്റ് മരണപ്പെട്ട ആ സഹോദരിയുടെ വികൃതമായ മുഖം സിപിഎമ്മിനെ വേട്ടയാടും. പിഞ്ചു കുഞ്ഞിനെ വരെ ഈ കരാളഹസ്തന്‍മാര്‍ റോഡിലെറിഞ്ഞു. സിപിഎമ്മിന്റെ പ്രവര്‍ത്തികളെ മൃഗീയം എന്ന് പറഞ്ഞാല്‍ അത് മൃഗങ്ങള്‍ക്ക് പോലും അപമാനമാകും.
? ലോ അക്കാദമി സമരം ബിജെപി ഏറ്റെടുത്തിരിക്കുകയാണല്ലോ…?
? സിപിഎമ്മും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നത്. സമരത്തെ അട്ടിമറിക്കാനാണ് തുടക്കം മുതല്‍ സിപിഎം ശ്രമിച്ചത്. അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐക്ക് പോലും ആ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വിദ്യാര്‍ത്ഥികളേക്കാള്‍ സിപിഎമ്മിന് വലുത് ലക്ഷ്മി നായര്‍ എന്ന പ്രിന്‍സിപ്പിലാണ്. എന്നാല്‍ ബിജെപി ഈ സമരം ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസമായി വി.മുരളീധരന്‍ നടത്തിയ ഉപവാസ സമരത്തിന് ഏറെ രാഷ്ട്രീയ സാമൂഹിക പിന്തുണയാണ് കിട്ടിയത്. ബിജെപി ഇതിനെ ഭൂസമരങ്ങളുടെ തുടക്കമായി മാറ്റുമെന്നാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്നലെ പറഞ്ഞത്. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ സെക്രട്ടറി എടുത്ത നിലപാടിനെ വി.എസ് തള്ളിക്കളഞ്ഞതും ഇതിനോട് കൂട്ടിവായിക്കണം. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും രക്ഷാകര്‍ത്താക്കളും തങ്ങള്‍ക്ക് എതിരായെന്ന യാഥാര്‍ത്ഥ്യം സിപിഎം അംഗീകരിക്കണം.
? ഈ വിഷയത്തില്‍ സാസ്കാരിക നായകരും മൗനം പാലിക്കുകയാണല്ലോ…?
? കേരളത്തിലെ സാംസ്കാരിക നായകരെന്ന് മേനി നടിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഒരു ദലിത് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ആക്ഷേപിച്ചിട്ടും ഇവിടത്തെ ബുദ്ധിജീവികള്‍ക്ക് അനക്കമില്ല. ഇപ്പോള്‍ ആര്‍ക്കും അവാര്‍ഡ് വാപ്പസിയും ഇല്ല, തെരിവ് നാടകവും ഇല്ല. 100 % സാക്ഷരതയുണ്ടെന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാനത്താണ് ഇത് നടന്നിരിക്കുന്നത്. രോഹിത് വേമുലക്ക് വേണ്ടി ഘോരഘോരം പ്രസംഗിച്ചവരൊക്കെയും ഇപ്പോള്‍ നിശബ്ദരാണ്. കേരളത്തിലെ ഏറിയ പങ്ക് സാംസ്കാരിക നായകരും സിപിഎമ്മിന്റെ വക്താക്കളായി അധപതിച്ചിരിക്കുകയാണ്.
? അടിയന്തര ശ്രദ്ധ പതിയേണ്ട മറ്റ് വിഷയങ്ങളും കേരളത്തില്‍ ഇല്ലേ?
? തീര്‍ച്ചയായും. നിരവധി വിഷയങ്ങള്‍ ഉണ്ട്. സമയക്കുറവുമൂലം ഒരു സംഭവം പറയാം. കഴിഞ്ഞ ദിവസം ഹൃദയഭേദകമായ ഒരു വാര്‍ത്ത വായിക്കുകയുണ്ടായി. ജോലിയില്‍ നിന്നും വിരമിച്ച എഴുത്തുകാരി കൂടിയായ ഒരു അധ്യാപിക ആരോരുമില്ലാതെ രോഗിയായി അവശനിലയില്‍ കഴിയുന്നു. ഞങ്ങള്‍ അവരെ പോയി കണ്ടു. ആവശ്യമായ കാര്യങ്ങള്‍ ചെയ്തു. എനിക്ക് മനസിലായ ഒരു കാര്യം ‘അനാഥത്വം’ കേരളത്തില്‍ ഏറി വരികയാണ്. നല്ല സാമ്പത്തിക നിലയില്‍ കഴിഞ്ഞവര്‍ പോലും പ്രായാധിക്യത്തില്‍ നിരാലംബരാവുകയാണ്. പട്ടിണി മരണം പോലും കേരളത്തില്‍ സംഭവിച്ചു എന്നത് ആശങ്കയുയര്‍ത്തുന്നു. പാവങ്ങളുടെ പാര്‍ട്ടി എന്ന് പറഞ്ഞിരുന്ന സിപിഎം ഇന്ന് ബൂര്‍ഷ്വാസികളുടെ പാര്‍ട്ടിയായി മാറി. കോണ്‍ഗ്രസ് ആകട്ടേ അഴിമതിക്കാരുടെ കൂട്ടവുമായി. എന്നാല്‍ രാജ്യത്തെ കോടിക്കണക്കിന് സാധാരണ ജനങ്ങള്‍ നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ സാമൂഹിക പ്രവര്‍ത്തനം കൂടിയാകണം. സമൂഹത്തിന് നേരെ തുറന്നു വച്ച കണ്ണുകളാകണം നമ്മുടെ ജീവിതം.
ഈ സമീപനം തന്നെയാണ് രേണു സുരേഷ് എന്ന നേതാവിനെ വ്യത്യസ്ഥയാക്കുന്നതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോങ്ങാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ അവര്‍ക്ക് ലഭിച്ചത് തൊട്ട് മുമ്പുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയതിന്റെ പത്തിരട്ടിയോളം വോട്ടാണ്. ഈ ജനകീയതയാണ് അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കരുത്ത്. രേണു സുരേഷ് എന്ന വനിതാ നേതാവ് ശ്രദ്ധേയയാകുന്നതും ഇതുകൊണ്ടാണ്.
Post Your Comments