Kerala

പാര്‍ട്ടിക്കു മേലേ വീണ്ടും വി.എസ്; സി.പി.എം പ്രതിരോധത്തില്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ പൊതുനിലപാടില്‍നിന്നും വിരുദ്ധമായാണ് വി.എസ് പലകാര്യങ്ങളിലും നയം വ്യക്തമാക്കിയിരുന്നത്. ഏറ്റവും ഒടുവില്‍ അവസാനം ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം വി.എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പാര്‍ട്ടിക്ക് വിധേയനാകണമെന്ന സന്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ചെറിയ ഒരിടവേളക്കുശേഷം ലോ അക്കാദമി വിഷയത്തില്‍ സി.പി.എമ്മിനെതിരെ വി.എസ് രംഗത്തിറങ്ങുകയാണ്. പാര്‍ട്ടിയും സര്‍ക്കാരും ഒരേസ്വരത്തില്‍ ലോ അക്കാദമിക്കുവേണ്ടി മയപ്പെടുമ്പോള്‍ കര്‍ശന നിലപാട് വേണമെന്ന ആവശ്യമാണ് വി.എസിനുള്ളത്.

ലോ അക്കാദമി സമരം കേവലം വിദ്യാര്‍ഥിസമരമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിക്കുമ്പോള്‍ അത് പൊതുപ്രശ്‌നമാണെന്ന ഉറച്ച നിലപാടാണ് വി.എസ് സ്വീകരിക്കുന്നത്. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ അവര്‍ക്ക് കീഴടങ്ങരുതെന്ന് വി.എസ് പറയുമ്പോള്‍ അത് പാര്‍ട്ടിക്ക് നല്‍കുന്ന ശക്തമായ താക്കീത് തന്നെയാണ്. ലോ അക്കാദമി വിഷയത്തില്‍ മാനേജ്‌മെന്റിന് അനുകൂലമായി നില്‍ക്കുന്ന സി.പി.എം സ്വയം തിരുത്തല്‍ നടത്തണമെന്നു തന്നെയാണ് വി.എസ് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അധ്യയനമേഖലക്കുപുറമേ ലോ അക്കാദമിയുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകഥകളും പുറത്തുവരുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ആരോപണങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കാന്‍ സി.പി.എമ്മിനോ മുഖ്യമന്ത്രി പിണറായി വിജയനോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ലോ അക്കാദമിക്ക് എന്താവശ്യത്തിനായാണോ സര്‍ക്കാര്‍ ഭൂമി നല്‍കിയത്, ആ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമിയും അതിലെ ചമയങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ കത്തും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്.

സെക്രട്ടേറിയറ്റിനു സമീപം ലോ അക്കാദമിയുടെ റിസര്‍ച്ച് സെന്ററിന് പാട്ടത്തിന് അനുവദിച്ച ഭൂമിയില്‍ എങ്ങനെ ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്വകാര്യ സ്ഥാപനം ഫ്‌ളാറ്റ് പണിതുയര്‍ത്തി എന്നത് തീര്‍ച്ചയായും അന്വേഷണ വിധേയമാക്കേണ്ടതാണ്. ലോ അക്കാദമിയുടെ ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയത്, ആ ഭൂമി അത് നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ടോ, സൊസൈറ്റി എന്ന നിലയിലല്ലാതെ, സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് പുന്നന്‍ റോഡിലുള്ള സ്ഥലത്ത് ഫ്ളാറ്റ് കെട്ടി വില്‍പ്പന നടത്തുന്നത് നിയമപരമാണോ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ, സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് കര്‍ശനമായ പരിശോധന നടത്തേണ്ടതുണ്ടെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് വി.എസോ മറ്റൊരാളോ കോടതിയെ സമീപിച്ചാല്‍ അതിനു സി.പി.എമ്മും ഉത്തരം നല്‍കേണ്ടി വരും. കാരണം ലോ അക്കാദമി മാനേജ്‌മെന്റിലുള്ളവര്‍ക്കു പാര്‍ട്ടിയുടെ മേലുള്ള സ്വാധീനം അത്രത്തോളം ഉയര്‍ന്നതാണ്. ലോ അക്കാദമി മാനേജ്‌മെന്റിലുള്ളവരെ പാര്‍ട്ടിയും അത്രത്തോളം സംരക്ഷിക്കുന്നുമുണ്ട്.

shortlink

Post Your Comments


Back to top button