India

കേന്ദ്ര ബജറ്റ് സൈബര്‍ സുരക്ഷക്ക് മികച്ച പരിഗണന നല്‍കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സൈബര്‍ സുരക്ഷക്ക് മികച്ച പരിഗണന നല്‍കുമെന്ന് സൂചന. ഡിജിറ്റല്‍ പണമിടപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ പ്രചാരണം നല്‍കുന്ന സാഹചര്യത്തിലാണിത്. നോട്ട് പിന്‍വലിക്കലിന് പിന്നിലെ ലക്ഷ്യമായി ഡിജിറ്റല്‍ ഇക്കോണമിയും പണരഹിത ഇടപാടുമൊക്കെയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മുഖ്യ തടസ്സം സൈബര്‍ സുരക്ഷ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയാണെന്ന് വ്യാപാരരംഗത്തുള്ളവര്‍ ധനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ആയും മണി വാലറ്റുകള്‍ വഴിയും ഇടപാട് നടത്തിയവരുടെ അക്കൗണ്ട് കൊള്ളയടിക്കപ്പെട്ട സംഭവം വിവിധ സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്ന പദ്ധതികള്‍ക്കു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റില്‍ പരിഗണന നല്‍കുന്നത്. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ലായെന്ന സാഹചര്യവും ബജറ്റില്‍ പരിഗണിക്കപ്പെടും. അതേസമയം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സേവന നികുതിയില്‍ കുറവ് വരുത്തുമെന്നാണ് സൂചന. അതിനിടെ ആദായ നികുതിയിലും ഇളവുണ്ടായേക്കുമെന്നും സൂചനയുണ്ട്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സാധാരണക്കാര്‍ക്കിടയില്‍ രൂപപ്പെട്ട അതൃപ്തി കുറക്കുന്നതിനു പ്രത്യക്ഷനികുതിയില്‍ കാര്യമായ ഇളവ് ഉണ്ടാകുമെന്നാണ് വ്യാപക പ്രതീക്ഷ.

വരുമാനത്തിലുള്ള ആദായനികുതി ഇളവ് പരിധി നിലവിലുള്ള രണ്ടര ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷമായി ഉയര്‍ത്താനാണ് സാധ്യത. ഇതോടൊപ്പം ഭവനവായ്പയിലേക്കുള്ള തിരിച്ചടവ് ഇളവ് പരിധി ഒന്നര ലക്ഷത്തില്‍നിന്ന് രണ്ടുലക്ഷമായും പലിശയടവിന്മേലുള്ള നികുതിയിളവ് പരിധി രണ്ടില്‍നിന്ന് മൂന്നു ലക്ഷമായും ഉയര്‍ത്താനും ഇടയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button