തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ അവസാന നിമിഷം ഇടപെട്ട സി.പി.എമ്മിന്റെ നീക്കങ്ങള്‍ പാളുമ്പോള്‍ പാര്‍ട്ടിയെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ന്യായമാണെന്നാണ് വി.എസിന്റെ നിലപാട്. ലോ അക്കാദമിക്ക് അനധികൃതമായി പാട്ടത്തിന് അനുവദിച്ച ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു.
ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ 12 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോളേജ് നടത്തിപ്പിന് ഇത്രയും സ്ഥലം ആവശ്യമില്ലെന്നും അധിക സ്ഥലം സര്‍ക്കാറിന് തിരിച്ചു നല്‍കണമെന്നുമാണ് വി.എസിന്റെ ആവശ്യം. അതേസമയം ഈ ഭൂമിക്കു പുറമേ സെക്രട്ടേറിയറ്റിന് സമീപം ലോ അക്കാദമിയുടെ റിസര്‍ച്ച് സെന്ററിന് അനുവദിച്ച ഭൂമി ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് അമ്പതുശതമാനം ലാഭവ്യവസ്ഥയില്‍ ലക്ഷ്മിനായര്‍ മറിച്ചുവിറ്റുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ഭൂമി ഇടപാടില്‍ ലക്ഷ്മിനായര്‍ കോടികളുടെ നേട്ടമുണ്ടാക്കി എന്നാണ് ആരോപണം.
ഈ സാഹചര്യത്തില്‍ ലക്ഷ്മിനായര്‍ക്കെതിരേ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനാണ് വി.എസ് അച്യുതാനന്ദന്റെ തീരുമാനം. വേണ്ടത്ര തെളിവുകള്‍ ശേഖരിക്കുന്നതു സംബന്ധിച്ച് അദ്ദേഹം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. അതേസമയം ലോ അക്കാദമിക്ക് യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ ഇല്ലെന്ന മാധ്യമവാര്‍ത്തകളെക്കുറിച്ച് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഇല്ലന്ന് വ്യക്തമായാല്‍ പല അഭിഭാഷകരുടെയും ജോലി തെറിക്കാനും ചില ജഡ്ജിമാരുടെ ഉത്തരവുകള്‍ വരെ അസാധുവാകുന്ന സാഹചര്യവും ഉണ്ടാകാനിടയുള്ളതിനാല്‍ ഇക്കാര്യത്തില്‍ നിയമ ഇടപെടലും കൗതുകമുണര്‍ത്തിയേക്കും.
Post Your Comments