ജെ.ആര്‍.എസ് നേതാവ് സി.കെ ജാനുവുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
കേരളത്തിലെ ഭൂസമരങ്ങളുടെ ചരിത്രവും സി കെ ജാനുവെന്ന സമര നായികയുടെ ജീവിതവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. 2001 ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിക്കുമ്പോഴാണ് ജാനുവെന്ന പെണ്‍പുലിയെ പറ്റി മലയാളികള്‍ കേള്‍ക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കിയത് സി.കെ ജാനുവെന്ന ആരാലും അറിയപ്പെടാത്ത ഈ വനിത ആയിരുന്നു. മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുട്ടു വിറപ്പിക്കുന്നതായിരുന്നു ആ സമരം. കാലം കഴിഞ്ഞു. ഇന്ന് അതേ വനിതാ നേതാവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അമരക്കാരിയും മലയാളികള്‍ക്ക് സുപരിചിതയുമാണ്. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്ത അവര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ച് ഇരു മുന്നണികള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ കോ.കണ്‍വീനര്‍ കൂടിയായ സി കെ ജാനുവുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.
? എങ്ങനെയാണ് ഭൂസമരങ്ങളുടെ നേതൃ നിരയിലേക്ക് എത്തുന്നത്?
? 2001 ല്‍ ”സെക്രട്ടേറിയറ്റിന് മുന്നിലെ കുടില്‍കെട്ടിയുള്ള സമരമാണ്” മലയാളികള്‍ക്ക് എന്നെ പരിചിതയാക്കുന്നത്. അതിന് പ്രധാന കാരണം ആ സമരത്തിന് കൈവന്ന മാധ്യമ ശ്രദ്ധയാണ്. എന്നാല്‍ 1989- 90 കാലഘട്ടം മുതലെ ഞാന്‍ ഭൂസമര രംഗത്ത് സജീവമാണ്. അതായത് എനിക്ക് ഇരുപത് വയസ് ആകുന്നതിന് മുമ്പെ ഞാന്‍ സമരരംഗത്ത് ഇറങ്ങി. നിരാലംബരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള സമരം ആയിരുന്നു അത്. 10 സെന്റ് സ്ഥലം വീതം ഈ കുടുംബങ്ങള്‍ക്ക് നല്‍കണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. സമരത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
? അതിന്റെ തുടര്‍ച്ചയായിരുന്നോ മുത്തങ്ങ സമരം?
അല്ല, അതിനിടക്ക് പല സമരങ്ങളും കഴിഞ്ഞു. എന്നാല്‍ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പോരാട്ടമാണ് 2003 ലെ മുത്തങ്ങ സമരം. കാല്‍ചുവട്ടിലെ മണ്ണ് പോലും സ്വന്തമല്ലെന്ന് അറിയുന്ന ഒരു ജനതയുടെ വേദനയുടെ പ്രതിഫലനമായിരുന്നു ആ സമരം. വാഗ്ദാനങ്ങള്‍ നല്‍കി ഞങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരുകളോടുള്ള രോഷമാണ് ഞങ്ങള്‍ പ്രകടമാക്കിയത്. ആ സമരത്തിന് ഐക്യ ദാര്‍ഡ്യവുമായി കേരള സമൂഹവും മാധ്യമങ്ങളും ഞങ്ങള്‍ക്ക് ഒപ്പം നിന്നു. പക്ഷേ , സമരം ഒത്തു തീര്‍പ്പാക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറിയ പങ്കും ഇനിയുു പാലിക്കപ്പെടാനുണ്ട് എന്ന സത്യം അവശേഷിക്കുന്നു.
? എന്തുകൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനം….?
തലചായ്ക്കാനൊരിടം പോലുമില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ ഇന്നും കേരളത്തിലുണ്ട്. അതേസമയം , പാവപ്പെട്ടവന്റെ ഭൂമി കൂടി തട്ടിയെടുക്കുന്ന ഭൂമാഫിയയും നമ്മുടെ നാട്ടില്‍ സജീവമാണ്. പട്ടിണിയും ദാരിദ്രവും ഇപ്പോഴും കേരളത്തിന്റെ ശാപമാണ്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ കഴിയാത്തവര്‍, ഉപജീവനത്തിനായി നെട്ടോട്ടമോടുന്നവര്‍, വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴില്‍ ഇല്ലാത്തവര്‍… നൂറുകണക്കിന് പ്രശ്നങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. 1956 മുതല്‍ ഇരുമുന്നണികളും മാറി മാറി കേരളം ഭരിക്കുകയാണ്. പണക്കാരന്‍ കൂടുതല്‍ പണക്കാരനാവുകയും ദരിദ്രന്‍ കൂടുതല്‍ ദരിദ്രന്‍ ആവുകയും ചെയ്യുന്നു. ഈ സ്ഥിതി മാറണം. അതിന് നമ്മളോരോരുത്തരും മുന്നിട്ടിറങ്ങണം. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെയും ഒറ്റപ്പെടുന്നവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി അഭികാമ്യമെന്ന് തോന്നി. ജെ.ആര്‍.സ് അതിന് പ്രതിജ്ഞാ ബദ്ധമാണ്.
? എന്‍ ഡി എ മുന്നണിയിലേക്ക് വരാനുണ്ടായ സാഹചര്യം?
? കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം മാതൃകാ പരമാണ്. യഥാര്‍ത്ഥ കമ്മ്യൂണിസമാണ് അവര്‍ നടപ്പാക്കുന്നത്. കേരളത്തിന്റെ വികസന മുരടിപ്പിനും സാമൂഹിക അരക്ഷിതാവസ്ഥക്കും കാരണം ഇവിടെ മാറി മാറി ഭരിച്ച മുന്നണികളാണ്. ഇതിന് ഒരു മാറ്റം വരുത്താന്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ക്ക് കഴിയും. ഒരു ഘടകകക്ഷി എന്ന നിലയില്‍ ശക്തമായ പിന്തുണ ജെആര്‍എസ് നല്‍കുകയും ചെയ്യും.
? ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങളെ എങ്ങനെ നോക്കി കാണുന്നു?
? ആദ്യമേ പറയട്ടേ, ഭരിക്കുന്നവര്‍ തന്നെ സമരത്തിന് ഇറങ്ങുന്ന പൊറോട്ട് നാടകം കേരളത്തില്‍ മാത്രം കാണുന്ന കാര്യമാണ്. ഇവിടത്തെ പല ഭൂസമരങ്ങളുടെയും മുന്‍പന്തിയില്‍ സിപിഎം ഉണ്ട്. ഞാനൊന്ന് ചോദിക്കട്ടേ, എന്തിനാണ് അവര്‍ സമരം ചെയ്യുന്നത്? അവരുടെ തന്നെ ഭരണകൂടമല്ലേ ഭൂമി കൊടുക്കേണ്ടത്? സിപിഎം നേതാക്കള്‍ ഒരു കാര്യം മനസിലാക്കണം. എപ്പോഴും എല്ലാവരേയും കബളിപ്പിക്കാന്‍ സാധ്യമല്ല. ഇങ്ങനെയുള്ള നാടകങ്ങള്‍ ആദ്യം അവസാനിപ്പിക്കണം. കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നങ്ങളും ദുരിതങ്ങളും ഞങ്ങള്‍ മനസിലാക്കി വരികയാണ്. ആത്മാര്‍ത്ഥമായ പോരാട്ടങ്ങള്‍ക്ക് ജെആര്‍എസും എന്‍ഡിഎയും മുന്‍പന്തിയില്‍ തന്നെ ഉണ്ടാവുകയും ചെയ്യും. അത് ഫലപ്രാപ്തിയിലെത്തിച്ചേ ഞങ്ങള്‍ക്ക് വിശ്രമമുള്ളു.
കേരളത്തിലെ ആദിവാസി ഗോത്രമഹാസഭയുടെ മാത്രം നേതാവായിരുന്ന സികെ ജാനു ഇന്ന് പൊതുസമൂഹത്തിന്റെ നേതാവായി കൂടി ഉയര്‍ന്നു വരികയാണ്. പല വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും അറിവുമുള്ള അവര്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തയാണ്. പിന്നിട്ട വഴികളില്‍ കാലം അവര്‍ക്ക് സമ്മാനിച്ചത് നിശ്ഛയ ദാര്‍ഡ്യവും പോരാട്ടവീര്യവുമാണ്. ആ ഊര്‍ജ്ജം തന്നെയാണ് അനുയായികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതും.
Post Your Comments