തിരുവനന്തപുരം : ലോ അക്കാദമി സമരം പുരോഗമിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്കു മാത്രമാണ്. തുടക്കം മുതല്‍ സമരത്തോട് നിസംഗതാ മനോഭാവമാണ് സി.പി.എം നേതൃത്വം പുലര്‍ത്തിയത്. വിദ്യാര്‍ഥി സമരത്തിന്റെ തുടക്കത്തില്‍തന്നെ ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിക്ക് മികച്ച ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരും സി.പി.എം നേതൃത്വവുമായുള്ള ബന്ധവും അറിയാവുന്ന എസ്.എഫ്.ഐ പാതി മനസ്സോടെയായിരുന്നു സമരത്തിനിറങ്ങിയത്. അതിനിടെ എ.ബി.വി.പിയില്‍നിന്നും സമര നേതൃത്വം ഏറ്റെടുത്ത ബി.ജി.പിയാകട്ടെ സര്‍ക്കാരിനും ഇടതുപക്ഷത്തിനും യു.ഡി.എഫിനും എതിരേ ഒരുപോലെ പ്രയോഗിക്കാനുള്ള ആയുധമായി ലോ അക്കാദമി സമരത്തെ കണ്ടു.
ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ വിദ്യാര്‍ഥി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോ അക്കാദമിക്ക് മുന്നില്‍ 48മണിക്കൂര്‍ നിരാഹാരസമരം ആരംഭിച്ചതോടെ സമരചിത്രത്തില്‍ ബി.ജെ.പി മാത്രമായി. ഇതിനിടെ മുരളീധരന്റെ നിരാഹാര സമരം അനിശ്ചിതകാലമായി തുടരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിക്കുകയും ബി.ജെ.പി ദേശീയ നേതാക്കള്‍ വരെ സമരപന്തല്‍ സന്ദര്‍ശിക്കുകയും ചെയ്തതോടെ മാധ്യമങ്ങളുടെ ഫോക്കസും ബി.ജെ.പി കൂടാരത്തിലായി. ഇതിനിടെ എസ്.എഫ്.ഐ നടത്തുന്ന സമരത്തെ വെറും പിള്ളേരുകളിയായി കണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരണം നടത്തിയതോടെ സമരത്തിനു സി.പി.എം പിന്തുണയില്ലെന്നും ബോധ്യപ്പെട്ടു. ഒടുവില്‍ എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിന്റെ പരാതിയില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇടപെട്ടതോടെയാണ് ഇന്ന് കോടിയേരി ബാലകൃഷ്ണനു സമരപന്തല്‍ സന്ദര്‍ശിക്കേണ്ടി വന്നത്.
അതേസമയം സുരേഷ്‌ഗോപി എം.പി അടക്കമുള്ള പ്രമുഖര്‍ ബി.ജെ.പി സമര പന്തലില്‍ എത്തുകയും വിദ്യാര്‍ഥി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതോടെ അവരുടെ പ്രവര്‍ത്തകരും ആവേശത്തിലാണ്. എന്നാല്‍ ഏതുവിധേനയും ഇലക്കും മുള്ളിനും കേടില്ലാതെ സമരം അവസാനിപ്പിക്കാനു സി.പി.എം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ലോ അക്കാദമി പ്രശ്‌നത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സി.പി.എമ്മിനു കഴിയുന്നില്ല. വിദ്യാര്‍ഥി സമരം രണ്ടാഴ്ച പിന്നിട്ടിട്ടും സി.പി.എം ഏറ്റെടുക്കാതിരുന്നതും ലക്ഷ്മിനായരോട് സി.പി.എം മൃദുസമീപനം പുലര്‍ത്തുന്നതും എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍പ്പോലും കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു.
വിദ്യാര്‍ഥി സമരം ശക്തമായിട്ടും വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും വിമര്‍ശനമുണ്ട്. ഏറ്റവും ഒടുവിലാണ് സി.പി.എം ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി രംഗത്തെത്തുന്നത്. ലക്ഷ്മിനായര്‍ രാജിവെക്കണം എന്ന വിദ്യാര്‍ഥികളുടെ ആവശ്യം അത്രത്തോളം ശക്തമായ സാഹചര്യത്തില്‍ അവര്‍ കുറച്ചുദിവസത്തേക്ക് അവധിയില്‍ പ്രവേശിക്കുന്ന തരത്തിലുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് സി.പി.എം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം പ്രശ്‌നത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിനും കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Post Your Comments