തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കടുത്ത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരും യു.ഡി.എഫും ഉയര്‍ത്തിയത്. കേരളത്തിലെ സാമ്പത്തിക സംവിധാനം ഒന്നാകെ താറുമാറായി എന്നായിരുന്നു ധനമന്ത്രി ഡോ.തോമസ് ഐസകിന്റെ പ്രതികരണം. നോട്ട് നിരോധനം സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ത്തുവെന്നാരോപിച്ച് കടുത്ത പ്രതിഷേധമാണ് കേരളത്തിലുടനീളം അലയടിച്ചത്. ഈ സമരങ്ങളെല്ലാം തന്നെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആയിരുന്നു. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം കുമിഞ്ഞു കൂടിയിട്ടുള്ളതായും ഈ തുകയില്‍ ഭൂരിഭാഗവും വരുമാനത്തില്‍ ഉള്ക്കൊള്ളിക്കാത്തതാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് ശരിവെച്ചുകൊണ്ടുതന്നെ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വിവിധ ജില്ലകളിലെ സഹകരണ ബാങ്കുകളില്‍നിന്നും വ്യക്തമായ രേഖകളില്ലാത്ത പണം പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ചില സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും അപമാനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തിയെന്നതിനു തെളിവുകള്‍ പുറത്തുവരുന്നത്.
ഈ സാഹചര്യത്തില്‍ സംസ്ഥാന പ്ലാനിങ് സെക്രട്ടറി വി.എസ് സെന്തിലിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും കറന്‍സി റദ്ദാക്കല്‍ കേരളത്തെ എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്ങിലെ സി. പി. ചന്ദ്രശേഖരന് ചെയര്‍മാനും ഡല്‍ഹിയിലെ തന്നെ എന്‍.ഐ.പി.എഫ്.പിയിലെ പിനാക്കി ചക്രവര്‍ത്തി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നാരായണ, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി പ്ലാനിങ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായ വിദഗ്ദ്ധ കമ്മിറ്റിയെ നിയമിച്ചിരുന്നു. സമിതി 2016 ഡിസംബറില്‍ ഇടക്കാല റിപ്പോര്‍ട്ടു പുറത്തിറക്കുകയും ചെയ്തു. ഇവര്‍ തയ്യാറാക്കിയ രേഖകളും കണക്കുകളും അറിഞ്ഞു കൊണ്ടു തന്നെ തെറ്റായി രേഖപ്പെടുത്തുകയായിരുന്നെന്നും ധനമന്ത്രി തോമസ് ഐസകിന്റെ നോമിനികളായ കമ്മറ്റി അംഗങ്ങള്‍ തെറ്റായ കണക്കുകള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടു റദ്ദാക്കല്‍ നടപടിയെ കരിവാരി തേക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാംസ്കാരിക നായകര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ തുനിഞ്ഞതെന്നും വ്യക്തമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് സഹകരണ ബാങ്കുകളിലാണെന്ന വാദം ഉയര്‍ത്തിയാണ് സഹകരണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ഇടതുപക്ഷവും യു.ഡി.എഫും ഉയര്‍ത്തിയത്. എന്നാല്‍ വാണിജ്യബാങ്കുകളുടെ നിക്ഷേപവുമായി കണക്കാക്കുമ്പോള്‍ സംസ്ഥാനത്തെ ആകെ നിക്ഷേപത്തിന്റെ ഇരുപത് ശതമാനം പോലും സഹകരണ ബാങ്കുകളില്‍നിന്നും ഉണ്ടായിട്ടില്ല എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. അതേസമയം സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് ഉണ്ടാക്കാനുള്ള നീക്കം തടസ്സപ്പെട്ടതാണ് നോട്ട് നിരോധനത്തിനെതിരെ ഇടതുപക്ഷം ശക്തമായി രംഗത്തുവരാന്‍ കാരണം. കേരള ബാങ്ക് രൂപീകരിച്ചിരുന്നെങ്കില്‍ അതിന്റെ ക്രഡിറ്റ് ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസകിന് അവകാശപ്പെടാനാകുമായിരുന്നു. നോട്ട് നിരോധനത്തിലൂടെ ഈ താല്പര്യം പാളി. കൂടാതെ സംസ്ഥാനത്തെ എണ്‍പത് ശതമാനത്തോളം സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും ഭരിക്കുന്നത് യു.ഡി.എഫിന്റെ ഭരണസമിതിയാണ്. നോട്ട് നിരോധനത്തിലൂടെ ഇവിടങ്ങളില്‍ യു.ഡി.എഫ് നടത്തിവന്ന വഴിവിട്ട നീക്കങ്ങളും തടസ്സപ്പെട്ടിരുന്നു. ഇതാണ് യു.ഡി.എഫിനെ കേന്ദ്രത്തിനെതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്.
Post Your Comments