KeralaNewsIndia

എന്നെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കൂ-കുറ്റവിമുക്തനാക്കിയിട്ടും വേട്ടയാടരുതെന്ന് ബിസിസിഐയോട് ശ്രീശാന്ത്

 

മുംബൈ; ക്രിക്കറ്റ് കളിക്കാന്‍ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് രംഗത്ത്. ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നും കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ലെന്നും ശ്രീശാന്ത് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.ഐപിഎല്‍ കോഴക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നിലപാടു വ്യക്തമാക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ക്രിക്കറ്റില്‍നിന്നു വിലക്കിക്കൊണ്ടുള്ള രേഖകള്‍ ഇതുവരെ ബിസിസിഐയില്‍നിന്ന് ലഭിച്ചിട്ടില്ല.ഒരു ഇ-മെയിലോ കത്തോ തനിക്ക് ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ അയച്ചിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണവും ലഭിച്ചിട്ടില്ല. എന്താണു ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും ശ്രീശാന്ത് ട്വീറ്റില്‍ പറയുന്നു.തന്നെ കോടതി കുറ്റവിമുക്തനാക്കിയ അന്നുമുതല്‍ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി ബിസിസിഐയ്ക്ക് ഇ മെയില്‍ സന്ദേശങ്ങളയച്ചു.എന്നാല്‍ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല.ഇത് എല്ലാവരും അറിയണമെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.

 

ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടിട്വന്റിയില്‍ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടിട്വന്റി ലോകകപ്പ് കിരീടം നേടിയത്.’എന്റെ കേരള ക്രിക്കറ്റ് അസോസിയേഷനോ എറണാകുളം ജില്ലാ അസോസിയേഷനോ എന്റെ ക്ലബ് ടീമിനോ എന്നെ ക്രിക്കറ്റ് കളിക്കുന്നതില്‍നിന്നും വിലക്കിക്കൊണ്ടുള്ള കത്ത് ബിസിസിഐയില്‍നിന്ന് ലഭിച്ചിട്ടില്ല. എന്റെ കഴിവിനൊത്ത് ക്രിക്കറ്റ് കളിക്കാനുള്ള അവകാശം മാത്രമാണ് ഞാന്‍ ചോദിക്കുന്നത്. കോടതി നേരിട്ട് കുറ്റവിമുക്തനാക്കിയിട്ടും അതിനുള്ള അനുമതി എനിക്ക് ലഭിക്കുന്നില്ല. ദയവു ചെയ്ത് ക്രിക്കറ്റ് കളിക്കാന്‍ എന്നെ അനുവദിക്കൂ’ – ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button