തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയനായ കവിയും ഗാനരചയിതാവും പ്രശസ്ത കവി വയലാര്‍ രാമവര്‍മയുടെ മകനുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അടുത്തിടെ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് വിവാദമായിരുന്നു. ശരത് ചന്ദ്രവര്‍മ്മയെ പോലെ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്കെതിരെ ആയിരുന്നു ആ പോസ്റ്റ്. എന്നാല്‍ ആ സംഭവത്തില്‍ ക്ഷമ ചോദിക്കുകയാണെന്നു വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വ്യക്തമാക്കി. ഇതുസംബന്ധിച്ചു അടുത്തിടെ കുവൈത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പരസ്യമായി ഖേദപ്രകടനം നടത്തിയ അദ്ദേഹം ഇക്കാര്യം ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് നടത്തിയ പ്രതികരണത്തില്‍ സ്ഥിരീകരിച്ചു.
ഒരു പാതിരാവില്‍ ഉന്മാദനിമിഷത്തില്‍ മദ്യപാനത്തിനിടെ തനിക്കു പറ്റിയ കൈപ്പിഴയാണ് ആ ഫേസ്ബുക്ക് പോസ്റ്റിനു പിന്നിലെന്നും പക്വതയും സമചിത്തതയും കൈവിടരുതെന്ന അച്ഛന്റെ ഉപദേശം ഒരു നിമിഷം മറന്നുവെന്നും അദ്ദേഹം കുവൈത്തിലെ പൊതുവേദിയില്‍ പ്രതികരിച്ചിരുന്നു. ഒരിക്കലും ആരെപ്പറ്റിയും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് താന്‍ പറഞ്ഞതെന്നും ആ പ്രസ്താവനയുടെ പേരില്‍ പൊതുസമൂഹത്തോട് ആയിരം വട്ടം മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. സമാനമായ പ്രതികരണമാണ് അദ്ദേഹം ഈസ്റ്റ്കോസ്റ്റ് ഡെയിലിയോടും നടത്തിയത്. വയലാറിന്റെ കുടുംബം എല്ലാവരെയും സ്നേഹിക്കുന്നവരാണ്. അവിടെ ജാതിമതമോ രാഷ്ട്രീയമോ ഇല്ല. സമൂഹത്തോടു മുഴുവന്‍ കടപ്പാടുള്ള ഒരു കുടുംബമാണ്. ആരോടും രാഷ്ട്രീയവിരോധം പുലര്‍ത്താന്‍ വയലാറിന്റെ കുടുംബത്തിനു കഴിയില്ല. തനിക്ക് ഒരു പ്രസ്ഥാനത്തോടും വിരോധമില്ല. എല്ലാ മനുഷ്യരോടും സ്നേഹമേ ഉള്ളൂ. ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സുഹൃത്തുക്കള്‍ തനിക്കുണ്ട്. അദ്വാനിക്കെതിരായ പരാമര്‍ശം ആരെയെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടെങ്കിലോ വേദനിപ്പിച്ചിട്ടുണ്ടെങ്കിലോ ഒരിക്കല്‍ക്കൂടി താന്‍ ക്ഷമചോദിക്കുന്നുവെന്നും വയലാര്‍ ശരത്ചന്ദ്രവര്‍മ്മ കൂട്ടിച്ചേര്‍ത്തു.
Post Your Comments