അധ്യാപികയെ കുത്തിയ മകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അച്ഛന്‍. പ്ലേ സ്കൂള്‍ അധ്യാപികയെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഡൽഹിയിൽ ഇരുപത്തിമൂന്നുകാരിയായ അധ്യാപികയെ ഒമ്പതുതവണ കുത്തിയ കേസിലാണ് മകനെ എ.എസ്.ഐയായ അച്ഛൻ പിടിച്ചുകൊടുത്തത്. എ.എസ്.ഐ രാജ് സിംഗാണ് മകനെക്കാൾ വലുത് തന്റെ ജോലിയാണെന്ന് തെളിയിച്ചത്.
രണ്ടു പേരായിരുന്നു കേസിൽ പ്രതികൾ. അവരിൽ ഒരാളാണ് രാജ് സിംഗിന്റെ മകന്‍ അമിത്. സംഭവം നടക്കുമ്പോള്‍ രാജ് മെഡിക്കല്‍ ലീവിലായിരുന്നു. മകനാണ് അധ്യാപികയെ കുത്തിയതെന്ന് അറിഞ്ഞപ്പോള്‍ പിന്നെയൊന്നും നോക്കാതെ രാജ് സിംഗ് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി സഹായം വാഗ്ദാനം ചെയ്തു.
അതിനുശേഷം ഉടൻ തന്നെ രാജ് തന്റെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടുകയും മകന് ആരും അഭയം നല്‍കരുതെന്ന് മുന്നറിയിപ്പും നല്‍കി. അമിത് അധ്യാപികയെ കുത്തിയ കാര്യം അറിയാതിരുന്ന ബന്ധുക്കളോട് ഇക്കാര്യം ധരിപ്പിച്ച ശേഷമായിരുന്നു മുന്നറിയിപ്പ്. മാത്രമല്ല മകന്‍ ഒളിവില്‍ കഴിയുന്നുണ്ടോ എന്നറിയാന്‍ റോഷന്‍പുരയിലെ ചില ബന്ധുവീടുകളില്‍ സിംഗ് നേരിട്ട് പോയും അന്വേഷണം നടത്തി. മകനെ പിടിക്കാന്‍ രാജ് സിങ്ങ് സഹായിച്ച കാര്യം ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ദീപേന്ദ്ര പഥക് സ്ഥിരീകരിച്ചു. സ്വന്തം കര്‍ത്തവ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും പഥക് പറഞ്ഞു.
Post Your Comments