കാക്കനാട്: തുറക്കാൻ താക്കോലില്ലാത്തതിനാൽ പൂട്ട് പൊളിച്ച് മന്ത്രിയുടെ പരിശോധന. അടച്ചുപൂട്ടി കാടു കയറി കിടക്കുന്ന ഗവ.റസ്റ്റ് ഹൗസിന്റെ ഗേറ്റിന്റെ പൂട്ടു പൊളിച്ചു പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും എം.എൽ.എമാരുമാണ് പരിശോധന നടത്തിയത് . സിവിൽ ലൈൻ റോഡിലൂടെ പോകുംവഴിയാണു കുന്നുംപുറം ജംക്‌ഷനിലെ റസ്റ്റ് ഹൗസിൽ മന്ത്രിയും സംഘവും ഇറങ്ങിയത്.
ആദ്യം ആർക്കും അകത്തു കടക്കാനായില്ല. പൊതുമരാമത്ത് ബിൽഡിങ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ വിളിക്കാൻ മന്ത്രി നിർദേശം നൽകി. ഒദ്യോഗികാവശ്യത്തിന് എക്‌സിക്യൂട്ടീവ് എൻജിനീയർ പുറത്തായിരുന്നതിനാൽ ഓവർസിയർ എ.കെ. സുരഭി സ്ഥലത്തെത്തി. തുടർന്ന് താക്കോൽ ഇല്ലാത്തതിനാൽ താഴു മുറിച്ചു മാറ്റി മന്ത്രിയും സംഘവും അകത്ത് കടക്കുകയായിരുന്നു.
കെഎംആർഎല്ലിനു നീക്കി വച്ച സ്ഥലമാണെന്നും റസ്റ്റ് ഹൗസ് നേരത്തെ തന്നെ ഇടപ്പള്ളിയിലേക്കു മാറ്റിയെന്നും ഓവർസിയർ പറഞ്ഞപ്പോൾ ഫയൽ കാണണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഫയൽ പരിശോധിച്ച മന്ത്രി സ്ഥലം കെഎംആർഎല്ലിനു കൈമാറിയതിന്റെ മന്ത്രിസഭാ തീരുമാനം ആവശ്യപ്പെട്ടു. അതു ഫയലിൽ കാണാതെ വന്നതോടെ ഫയൽ താൻ കൊണ്ടു പോകുകയാണെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് ഫയൽ കസ്റ്റഡിയിലെടുത്ത കാര്യം എഴുതി ഒപ്പിട്ട രേഖ എക്സിക്യൂട്ടീവ് എൻജിനീയർക്കു കൈമാറുകയും ചെയ്തു
Post Your Comments